കീഴടങ്ങിയാല്‍ കൈനിറയെ പണവും പൊതുമാപ്പും; റഷ്യന്‍ സൈനികരെ പ്രലോഭിപ്പിച്ച് യുക്രെയ്ന്‍

40,000 യൂറോയ്ക്ക് തത്തുല്ല്യമായ തുകയാണ് കീഴടങ്ങുന്ന ഓരോ റഷ്യന്‍ സൈനികനും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.

Update: 2022-03-01 16:29 GMT

കീവ്: ആക്രമിക്കാനെത്തുന്ന റഷ്യന്‍ സൈനികരെ കൈനിറയെ പണവും പൊതുമാപ്പും വാഗ്ദാനം ചെയ്തു കീഴടങ്ങാന്‍ പ്രലോഭിപ്പിച്ച് യുക്രെയ്ന്‍. കീഴടങ്ങുന്ന റഷ്യന്‍ സൈനികര്‍ക്ക് പണവും ശിക്ഷയില്‍നിന്നുള്ള പരിരക്ഷയുമാണ് യുക്രെയ്ന്‍ മുന്നോട്ട് വയ്ക്കുന്നത്.

'നിങ്ങളുടെ തീരുമാനം എടുക്കുക. ആയുധമില്ലാതെ, വെള്ളക്കൊടിയുമായി പുറത്തുവരൂ'- പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് ചൊവ്വാഴ്ച ഫേസ്ബുക്കില്‍ കുറിച്ചു. 40,000 യൂറോയ്ക്ക് തത്തുല്ല്യമായ തുകയാണ് കീഴടങ്ങുന്ന ഓരോ റഷ്യന്‍ സൈനികനും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര ഐടി വ്യവസായമാണ് ഇതിനാവശ്യമായ പണം നല്‍കുന്നത്.

'അധിനിവേശവാദിയാകാന്‍ വിസമ്മതിക്കുന്ന ഏതൊരാളും സമാധാനം കൊണ്ടുവരും. അധിനിവേശവാദിയുടെ പാത തിരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു ദയയും ഉണ്ടാകില്ല'- റെസ്‌നിക്കോവ് പറഞ്ഞു.

കീഴടങ്ങുന്ന റഷ്യക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ പണം ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, ഇതുവരെ 200 റഷ്യന്‍ സൈനികരെയെങ്കിലും പിടികൂടിയിട്ടുണ്ടെന്നാണ് യുക്രേനിയന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

ചോദ്യം ചെയ്യല്‍ വീഡിയോകളില്‍, തങ്ങളെ കുതന്ത്രത്തിലൂടെയാണ് ഇങ്ങോട്ട് എത്തിച്ചതെന്ന് പല സൈനികരും പറയുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച യുദ്ധം പ്രഖ്യാപിക്കാതെയാണ് റഷ്യ അയല്‍രാജ്യത്തെ ആക്രമിച്ചത്. യുഎന്‍ കണക്കുകള്‍ പ്രകാരം 100ലധികം സാധാരണക്കാര്‍ ഇതിനകം കൊല്ലപ്പെട്ടു, 300ലധികം പേര്‍ക്ക് പരിക്കേറ്റു.ചൊവ്വാഴ്ച പുലര്‍ച്ചെ വരെ, റഷ്യന്‍ സൈന്യം ഇതിനകം കുറഞ്ഞത് 113 ബാലിസ്റ്റിക് മിസൈലുകളെങ്കിലും യുക്രെയ്‌ന് നേരെ തൊടുത്തുവിട്ടിട്ടുണ്ടെന്ന് യുക്രേനിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News