കീവിലെ റഷ്യന്‍ റോക്കറ്റ് ആക്രമണം: യുക്രെയ്ന്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു
കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. റേഡിയോ ലിബര്‍ട്ടിയിലെ റിപോര്‍ട്ടര്‍ വിരാ ഹൈറിച്ച് (55) ആണ് കൊല്ലപ്പെട്ടത്. വിരാ താമസിച്ചിരുന്ന കെട്ടിടത്തില്‍ റോക്കറ്റ് പതിക്കുകയായിരുന്നുവെന്ന് റേഡിയോ സ്റ്റേഷന്‍ അറിയിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ സന്ദര്‍ശനത്തിനിടെയായിരുന്നു കീവില്‍ ആക്രമണമുണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കീവിലെ സെന്‍ട്രല്‍ ഷെവ്‌ചെങ്കിവ്‌സ്‌കി ജില്ലയിലെ 25 നില കെട്ടിടത്തിലാണ് മിസ് ഹൈറിച്ച് താമസിച്ചിരുന്നത്.
റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. ടാങ്ക് വേധ മിസൈലുകള്‍ നിര്‍മിക്കുന്ന പ്ലാന്റിന് അടുത്തായിരുന്നു ഹൈറിച്ചിന്റെ വീട്. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായി നഗരസഭാധികൃതര്‍ പറഞ്ഞു. ഫെബ്രുവരി 24ന് റഷ്യ യുക്രെയ്‌നില്‍ ആക്രമണം തുടങ്ങിയ ശേഷം വിദേശികളും സ്വദേശികളും അടക്കം 23 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി യുക്രെയ്‌നിലെ നാഷനല്‍ യൂനിയന്‍ ഓഫ് ജേണലിസ്റ്റ് പറയുന്നു.
ഞങ്ങളുടെ യുക്രേനിയന്‍ സര്‍വീസ് സ്റ്റാഫ് വിരാ ഹൈറിച്ച് ഒറ്റരാത്രികൊണ്ട് മരിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ ദു:ഖമുണ്ട്. അവരുടെ പ്രൊഫഷനലിസത്തിനും അര്‍പ്പണബോധത്തിനും വേണ്ടി ഓര്‍മിക്കപ്പെടാവുന്ന പ്രിയ സഹപ്രവര്‍ത്തകയെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു- റേഡിയോ ലിബര്‍ട്ടിയുടെ പ്രസിഡന്റ് ജെയിംസ് ഫ്‌ലൈ പ്രസ്താവനയില്‍ പറഞ്ഞു. 55 കാരിയായ ഹൈറിച്ച് 2018 മുതല്‍ റേഡിയോ ലിബര്‍ട്ടിയുടെ യുക്രേനിയന്‍ ഭാഷാ സേവനത്തിനായി കീവ് ബ്യൂറോയില്‍ ജോലി ചെയ്തിരുന്നു. മുമ്പ് പ്രമുഖ യുക്രേനിയന്‍ ടെലിവിഷന്‍ ചാനലിലും ഇവര്‍ ജോലി ചെയ്തിരുന്നു.