രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു; മുന്‍ കൂട്ടി അറിയിച്ചിരുന്നില്ലെന്ന് ഐഷ
എറണാകുളം കാക്കനാട്ടുള്ള ഐഷ സുല്‍ത്താനയുടെ ഫ്‌ളാറ്റില്‍ എത്തിയാണ് ലക്ഷദ്വീപ് കവരത്തി പോലിസ് ചോദ്യം ചെയ്യുന്നത്.മുന്‍ കൂട്ടി അറിയിക്കാതെയാണ് പോലിസ് ചോദ്യം ചെയ്യലിനായി എത്തിയിരിക്കുന്നതെന്ന് ഐഷ സുല്‍ത്താന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
കൊച്ചി: ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും നടത്തുന്ന നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താനയെ പോലിസ് വീണ്ടും ചോദ്യം ചെയ്യുന്നു.എറണാകുളം കാക്കനാട്ടുള്ള ഐഷ സുല്‍ത്താനയുടെ ഫ്‌ളാറ്റില്‍ എത്തിയാണ് ലക്ഷദ്വീപ് കവരത്തി പോലിസ് ചോദ്യം ചെയ്യുന്നത്.മുന്‍ കൂട്ടി അറിയിക്കാതെയാണ് പോലിസ് ചോദ്യം ചെയ്യലിനായി എത്തിയിരിക്കുന്നതെന്ന് ഐഷ സുല്‍ത്താന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പോലിസ് ഫ്‌ളാറ്റില്‍ എത്തുന്ന സമയത്ത് ഐഷ സുല്‍ത്താന പുറത്തായിരുന്നു.പോലിസ് എത്തിയ വിവരമറിഞ്ഞ് ഐഷ ഫ്‌ളാറ്റിലേക്ക് എത്തുകയായിരുന്നു.കേസില്‍ നേരത്തെ രണ്ടു തവണ ഐഷ സുല്‍ത്താനയെ ലക്ഷദ്വീപില്‍ വെച്ച് കവരത്തി പോലിസ് ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്തിരുന്നു.ഇതിനിടയില്‍ ഐഷ സുല്‍ത്താനയുടെ ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഐഷയക്ക് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.കവരത്തിയിലെ ചോദ്യം ചെയ്യലിനു ശേഷം ഐഷ സുല്‍ത്താന ഏതാനും ദിവസം മുമ്പ് കൊച്ചിയിലേക്ക് പോന്നിരുന്നു. ഇതിനു പിന്നാലെയാണ് കവരത്തി പോലിസ് ഇന്ന് അപ്രതീക്ഷിതമായി ഐഷയെ ചോദ്യം ചെയ്യാന്‍ കൊച്ചിയില്‍ എത്തിയിരിക്കുന്നത്.
ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോ വെപ്പണ്‍(ജൈവായുധം) എന്ന വാക്ക് ഐഷ സുല്‍ത്താന പ്രയോഗിച്ചിരുന്നു. സര്‍ക്കാരിനെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന തരത്തില്‍ ആരോപണവുമായി സംഘപരിവാര്‍ രംഗത്ത് വരികയും ഐഷ സുല്‍ത്താനയ്ക്കെതിരെ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് പരാതി നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ് ആ വാക്കുകള്‍ പറഞ്ഞതെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചിട്ടില്ലെന്നും ഐഷ സുല്‍ത്താന ഇതിന് വിശദീകരണമായി പറഞ്ഞിരുന്നു.
എന്നാല്‍ കവരത്തി പോലിസ് രാജ്യദ്രോഹകുറ്റം ചുമത്തി ഐഷ സുല്‍ത്താനയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചിരുന്നത്.തുടര്‍ന്ന് ജാമ്യഹരജി പരിഗണിച്ച കോടതി ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ഐഷയക്ക് മുന്‍ കൂര്‍ ജാമ്യം നല്‍കുകയായിരുന്നു. തനിക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.