അധികൃതര്‍ ക്ഷീണിതരെന്ന്; ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നിര്‍ത്തിവച്ചു
നിലമ്പൂര്‍: കഴിഞ്ഞ ദിവസം നിലമ്പൂര്‍ കവളപ്പാറ ഭൂതത്താന്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അധികൃതര്‍ നിര്‍ത്തിവച്ചതായി പരാതി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം.
അപകടത്തില്‍ മരിച്ച ഒമ്പതു പേരുടെ മൃതദേഹമാണ് ആശുപത്രിയിലുള്ളത്. ഇവരില്‍ നാലു മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത അധികൃതര്‍ പിന്നീട് ക്ഷീണമാണെന്നു പറഞ്ഞ് നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നെന്നു മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ജില്ലാ കലക്ടറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഷയത്തില്‍ ഇടപെട്ടെങ്കിലും ആശുപത്രി അധികൃതര്‍ വിസമ്മതിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രി സൂപ്രണ്ട് സ്ഥലത്തില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.