കവളപ്പാറ ദുരിതാശ്വാസ വോളന്റിയര്‍ വാഹനം അപകടത്തില്‍പെട്ട് ആറുപേര്‍ക്കു പരിക്ക്
പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കണ്ണൂര്‍: കവളപ്പാറ ദുരന്തമേഖലയില്‍ സേവനം ചെയ്തു തിരിച്ചുവരികയായിരുന്ന സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ആറുപേര്‍ക്ക് പരിക്ക്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഐആര്‍ഡബ്ല്യ വോളന്റിയര്‍മാര്‍ സഞ്ചരിച്ച വാഹനമാണ് പയ്യന്നൂരില്‍ ലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാസര്‍കോട്ടുള്ള ഐആര്‍ഡബ്ല്യ പ്രവര്‍ത്തകരായ അശ്‌റഫ് ബായാര്‍, ശരീഫ്, അബ്ദുല്ലത്തീഫ്, കെ പി ഖലീല്‍, മുഹമ്മദ് ഇല്യാസ്, നൗഷാദ് എന്നിവരെയാണ് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ പുലര്‍ച്ചെ ഒരു മണിയോടെ കരിവെള്ളൂരില്‍ വച്ചാണ് ലോറിയിടിച്ചത്. ശരീഫിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ
ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി എം കെ മുഹമ്മദലി, അസി. സെക്രട്ടറി സാദിഖ് ഉളിയില്‍, മേഖലാ നാസിം യു പി സിദ്ദീഖ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സാജിദ് നദ് വി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് പി ബി എം പര്‍മീസ് എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.