ഐഎംഎഫുമായി ചര്‍ച്ച നടത്തി ശ്രീലങ്കന്‍ പ്രധാനമന്ത്രി

Update: 2022-06-08 18:22 GMT

കൊളംബോ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവയുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കൂടിക്കാഴ്ച നടത്തി. ഉദ്യോഗസ്ഥതല കരാറിന് അന്തിമരൂപം നല്‍കാന്‍ കഴിയുന്നത്ര വേഗത്തില്‍ ഐഎംഎഫ് സംഘത്തെ അയക്കണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് 600 കോടി യുഎസ് ഡോളറിന്റെ (46000 കോടി ഇന്ത്യന്‍ രൂപ) വായ്പയാണ് ഐഎംഎഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്ത ആറ് മാസത്തേക്ക് രാജ്യത്തിന് മുന്നോട്ട് പോകാന്‍ തുക സഹായകമാകും. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അതിജീവിക്കാന്‍ അന്താരാഷ്ട്ര നാണയ നിധിയുമായി എപ്രില്‍ 18നാണ് ശ്രീലങ്ക ചര്‍ച്ചകളാരംഭിച്ചത്. സംഘടനയില്‍ നിന്നും വായ്പ ലഭിക്കാന്‍ രാജ്യങ്ങള്‍ ചില നിബന്ധനകള്‍ അംഗീകരിക്കേണ്ടതുണ്ട്. അത്തരത്തിലൊന്നായ വിദേശവായ്പകള്‍ പുന:സംഘടിപ്പിക്കുകയെന്ന ആവശ്യത്തില്‍ ശ്രീലങ്ക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ശ്രീലങ്കയുടെ മൊത്തം വിദേശ കടം 5100 കോടി ഡോളറാണ്. വിദേശവായ്പ തിരിച്ചടവ് ഏപ്രില്‍ 12 മുതല്‍ ശ്രീലങ്ക നിര്‍ത്തിയിരിക്കുകയാണ്. 2026ഓടെ കുടിശ്ശികയുള്ള ഏകദേശം 2500 കോടി യു.എസ് ഡോളറില്‍ ഈ വര്‍ഷത്തേക്കുള്ള ഏകദേശം 700 കോടി യു.എസ് ഡോളറിന്റെ വിദേശ കടം തിരിച്ചടവ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ഏപ്രിലിലാണ് പ്രഖ്യാപിച്ചത്. ഐ.എം.എഫ് കൈമാറുന്ന തുകയില്‍ 500 കോടി ഡോളര്‍ വായ്പാ തിരിച്ചടവിനും 100 കോടി ഡോളര്‍ കരുതല്‍ ശേഖരത്തിലേക്കുമായി മാറ്റുമെന്ന് കഴിഞ്ഞയാഴ്ച വിക്രമസിംഗെ പറഞ്ഞിരുന്നു. അടുത്ത ആറ് മാസത്തേക്ക് ജനങ്ങളുടെ ദൈനംദിന ജീവിതം തടസ്സപ്പെടാതിരിക്കാന്‍ ശ്രീലങ്കയ്ക്ക് 500 കോടി ഡോളര്‍ വേണ്ടിവരുമെന്ന് ചൊവ്വാഴ്ച പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് വിക്രമസിംഗെ വ്യക്തമാക്കി.

Tags:    

Similar News