മഹാരാഷ്ട്രയില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ പീഡനം;ലോ കോളജ് പ്രിന്‍സിപ്പല്‍ രാജിവച്ചു

ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാനേജ്‌മെന്റ് തന്നെ പുറത്താക്കിയേക്കുമെന്ന് തോന്നിയതിനാലാണ് സ്വമേധയാ രാജി സമര്‍പ്പിച്ചതെന്നും ബട്ടൂള്‍ ഹമീദ് പറഞ്ഞു

Update: 2022-03-23 06:19 GMT

പൂനെ:മഹാരാഷ്ട്രയില്‍ ഹിജാബ് ധരിച്ചതിന്റെ പേരിലെ പീഡനത്തെ തുടര്‍ന്ന് ലോ കോളജ് പ്രിന്‍സിപ്പല്‍ രാജിവച്ചു.വിരാര്‍ നഗരത്തിലെ വിഐവിഎ കോളജ് ഓഫ് ലോയുടെ പ്രിന്‍സിപ്പല്‍ ഡോ ബട്ടൂള്‍ ഹമീദാണ് രാജിവച്ചത്.കാംപസില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ പീഡനം നേരിടേണ്ടി വന്നതിനാലാണ് രാജി വെക്കുന്നതെന്ന് ബട്ടൂള്‍ ഹമീദ് രാജി കത്തില്‍ പറഞ്ഞു.

ഹിജാബ് വിവാദം ആരംഭിച്ചതു മുതല്‍ മാനേജ്‌മെന്റിലെ ചില ആളുകള്‍ തന്നെ ലക്ഷ്യമിടുന്നു.ഹിജാബാണ് അവരുടെ പ്രശ്‌നമെന്നും,കുറച്ച് ദിവസങ്ങളായി താന്‍ ഈ ചുറ്റുപാടുകളില്‍ അസ്വസ്ഥയാണെന്നും ഡോ ബട്ടൂള്‍ ഹമീദ് തന്റെ രാജിക്കത്തില്‍ പറഞ്ഞു.

2019 ജൂലൈയിലാണ് താന്‍ കോളജില്‍ വന്നത്,കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാം ശരിയായി മുന്നോട്ട് പോകുകയായിരുന്നു.എന്നാല്‍, കര്‍ണാടകയില്‍ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ മാനേജ്‌മെന്റിലെ ചില ആളുകള്‍ തന്നെ ലക്ഷ്യമിട്ട് തുടങ്ങിയെന്നും ബട്ടൂള്‍ ഹമീദ് ആരോപിച്ചു.

ബട്ടൂള്‍ ഹമീദിന്റെ സമുദായത്തില്‍പ്പെട്ട ചില ആളുകള്‍ കോളജ് പ്രവേശനത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു ദിവസം ഓഫിസിലെത്തിയിരുന്നതായും, അതിനുശേഷം കാംപസില്‍ മതപ്രചാരണം നടത്തുന്നതായി മാനേജ്‌മെന്റിലെ ആളുകള്‍ തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതായും ബട്ടൂള്‍ ഹമീദ് പറഞ്ഞു.'അവര്‍ കാംപസില്‍ സരസ്വതി വന്ദന പാരായണവും മറ്റും സംഘടിപ്പിക്കാറുണ്ട്. ഇതൊക്കെ മതപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമല്ലേയെന്നും ബട്ടൂള്‍ ഹമീദ് ചോദിച്ചു.

വര്‍ദ്ധിച്ചുവരുന്ന ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍, മാനേജ്‌മെന്റ് തന്നെ പുറത്താക്കിയേക്കുമെന്ന് തോന്നിയതിനാലാണ് സ്വമേധയാ രാജി സമര്‍പ്പിച്ചതെന്നും ബട്ടൂള്‍ ഹമീദ് പറഞ്ഞു.'എന്റെ അന്തസ്സും സംസ്‌കാരവും സംരക്ഷിക്കാനാണ് ഞാന്‍ രാജിവച്ചത്.'

മാനേജ്‌മെന്റ് കമ്മിറ്റിയും, അധ്യാപക അനധ്യാപക ജീവനക്കാരും, വിദ്യാര്‍ഥികളും തന്റെ പ്രവര്‍ത്തനത്തെ എപ്പോഴും പ്രശംസിച്ചിട്ടുണ്ട്,എന്നാല്‍ ഹിജാബ് വിഷയമാണ് എല്ലാവരും തനിക്കെതിരേ തിരിയാന്‍ കാരണമായതെന്നും അവര്‍ പറഞ്ഞു.




Tags:    

Similar News