ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കോടതി കെട്ടിടസമുച്ഛയത്തിനുള്ളില്‍ അഭിഭാഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്‌നോ ഷാജഹാന്‍പൂരിലുള്ള ജില്ലാ കോടതിയിലാണ് സംഭവം. ഭൂപേന്ദ്ര സിങ് എന്ന അഭിഭാഷകനാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോടതി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് മൃതദേഹം കിടന്നത്. സമീപത്തുനിന്ന് ഒരു നാടന്‍ തോക്കും പോലിസ് കണ്ടെടുത്തു. സംശയാസ്പദമായ ആരെയും പരിസരത്ത് കണ്ടിരുന്നില്ലെന്നും അഭിഭാഷകന്‍ തനിച്ചായിരുന്നെന്നുമാണ് സാക്ഷികള്‍ പറയുന്നത്.
കൊലപ്പെടുത്താനുള്ള സാഹചര്യം സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഷാജഹാന്‍പൂര്‍ പോലിസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു. അഭിഭാഷകന്‍ ആരോടോ സംസാരിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. പെട്ടെന്ന് വലിയ ശബ്ദമുണ്ടായി. അയാള്‍ നിലത്തുവീണുവെന്നും പറയുന്നു. പോലിസും ഫൊറന്‍സിക് സംഘവും സ്ഥലം പരിശോധിച്ചുവരികയാണ്. ഞങ്ങള്‍ക്ക് വിശദാംശങ്ങള്‍ അറിയില്ല. ഞങ്ങള്‍ കോടതിയിലായിരുന്നു. ഒരാള്‍ വന്ന് ഞങ്ങളോട് പറഞ്ഞു. ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്ന്.
ഞങ്ങള്‍ കാണാനെത്തിയപ്പോള്‍ മൃതദേഹത്തിനടുത്ത് ഒരു നാടന്‍ പിസ്റ്റളും കണ്ടെത്തി. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭൂപേന്ദ്ര സിങ് അഞ്ചുവര്‍ഷത്തോളമായി അഭിഭാഷകനായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മാസം ഡല്‍ഹി രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമത്തില്‍ ആറുപേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. കോടതിയിലെ രണ്ടാം നിലയിലെ 207ാം നമ്പര്‍ മുറിയിലാണ് വെടിവെയ്പ്പ് നടന്നത്. കൊടുംകുറ്റവാളി ജിതേന്ദര്‍ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ടുപേര്‍ കോടതിമുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.