എല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം

ആര്‍എസ്എസും ബിജെപിയും സംസ്ഥാനത്തും രാജ്യത്താകെയും മുന്നേറ്റം നടത്തുന്നതിനെ ശക്തമായി ചെറുക്കണമെന്നു റിപോര്‍ട്ടില്‍ പറയുന്നു.

Update: 2024-11-05 13:41 GMT

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വോട്ടില്‍ ഏഴ് ശതമാനം കുറവെന്ന് സിപിഎം. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഏഴു ശതമാനം വോട്ട് കുറഞ്ഞെന്നാണ് കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് പ്രമേയം പറയുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40.42% വോട്ട് വിഹിതമാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. 2024ലെ തിരഞ്ഞെടുപ്പില്‍ അത് 33.35 ശതമാനമായി കുറഞ്ഞുവെന്നാണ് കണ്ടെത്തല്‍.

ആര്‍എസ്എസും ബിജെപിയും സംസ്ഥാനത്തും രാജ്യത്താകെയും മുന്നേറ്റം നടത്തുന്നതിനെ ശക്തമായി ചെറുക്കണമെന്നു റിപോര്‍ട്ടില്‍ പറയുന്നു. 'ഇന്ത്യ' മുന്നണിയില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോഴും വര്‍ഗീയത സംബന്ധിച്ചു സ്വതന്ത്രമായ നിലപാട് ശക്തമാക്കണം. ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ ഡിഎംകെ പോലെയുള്ള പ്രാദേശിക കക്ഷികളുമായി രാഷ്ട്രീയ അടവുനയം ഊര്‍ജിതമാക്കണം.

ബംഗാളിനും ത്രിപുരയ്ക്കും സമാനമായ തോതില്‍ അല്ലെങ്കിലും ബിജെപി കേരളത്തില്‍ മുന്നേറ്റം ഉണ്ടാക്കുന്നുവെന്നും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതു പ്രകടമായിരുന്നുവെന്നും റിപോര്‍ട്ട് പറയുന്നു. മതപരമായ ആചാരങ്ങളും ഉത്സവങ്ങളും ഉപയോഗപ്പെടുത്തി മതവികാരം ആകര്‍ഷിച്ച് ആര്‍എസ്എസ് ഹിന്ദുത്വരാഷ്ട്രീയം വളര്‍ത്തുകയാണ്. പ്രധാനമായും സ്ത്രീകളെയാണു അവര്‍ ലക്ഷ്യമിടുന്നത്. ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് നേരിടാനും വിശ്വാസികളുടെ തെറ്റിദ്ധാരണ നീക്കാനും ശ്രമിക്കണം.

പ്രത്യേക മതവിഭാഗങ്ങളെയും മതസംഘടനകളെയും ആകര്‍ഷിക്കാനുള്ള ബിജെപി-ആര്‍എസ്എസ് നീക്കത്തെ ചെറുക്കാനുള്ള പ്രത്യേക തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും പാര്‍ടി തീരുമാനിച്ചിട്ടുണ്ട്. 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച രാഷ്ട്രീയ അടവ് ലൈന്‍ ശരിയായിരുന്നുവെങ്കിലും നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും കരട് രാഷ്ട്രീയ റിപ്പോര്‍ട്ട് വിലയിരുത്തി.

Tags:    

Similar News