രാമക്ഷേത്ര നിര്‍മാണം: ഫണ്ട് ശേഖരണത്തിനു രാഹുല്‍ഗാന്ധി നേതൃത്വം നല്‍കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ
റാഞ്ചി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിനു രാഹുല്‍ഗാന്ധി നേതൃത്വം നല്‍കണമെന്ന് ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രദീപ് യാദവ്. ഇക്കാര്യമുന്നയിച്ച് അദ്ദേഹം രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിഎസ്പി അധ്യക്ഷ മായാവതി, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ക്കു കത്തയച്ചു.
രാമക്ഷേത്ര നിര്‍മാണത്തിന് ഏതെങ്കിലും ഒരു പാര്‍ട്ടി നേതൃത്വം നല്‍കുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ അതുവച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തും. അതിനു സാഹചര്യമുണ്ടാവരുതെന്നതിനാലാണ് രാജ്യത്തിന്റെ ഐക്യവും മതേതരത്വവും ശക്തിപ്പെടുത്താന്‍ ഉപകരിക്കുന്ന ഇത്തരമൊരു ആശയം മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി മുമ്പുണ്ടായിരുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല ഈ ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. രാമക്ഷേത്ര നിര്‍മാണവുമായി എല്ലാ പാര്‍ട്ടികളും സഹകരിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ മതനിരപേക്ഷ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
നേരത്തേ, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പ്രജാതാന്ത്രിക് (ജെവിഎംപി) പാര്‍ട്ടി ടിക്കറ്റിലാണ് പ്രദീപ് യാദവ് 2019ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. പിന്നീട് ജെവിഎംപി ബിജെപിയില്‍ ലയിച്ചപ്പോള്‍ പ്രദീപ് യാദവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2006ല്‍ ഇദ്ദേഹം ബിജെപിയോടൊപ്പമായിരുന്നു. പിന്നീടാണ് ജെവിഎംപിയിലെത്തിയത്. രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ച് ഭൂമിപൂജയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്ത് അഞ്ചിന് അയോധ്യ സന്ദര്‍ശിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ ആവശ്യമെന്നതും ശ്രദ്ധേയമാണ്.
Lead fund collection for Ram temple, Cong MLA urges Rahul