ലീഗ്-സമസ്ത തര്‍ക്കം: 'തലയിരിക്കുമ്പോള്‍ വാലാടേണ്ട'; രൂക്ഷപ്രതികരണവുമായി സാദിഖലി തങ്ങള്‍

Update: 2023-10-09 11:50 GMT

മലപ്പുറം: തട്ടം വിവാദത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരേ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ രൂക്ഷപ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. സമസ്തയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും തലയിരിക്കുമ്പോള്‍ വാലാടേണ്ടെന്നും അദ്ദേഹം പറഞ്ഞു. കത്തുണ്ടെങ്കില്‍ അത് നേരിട്ട് കൊണ്ടുവരികയാണ് വേണ്ടത്. അല്ലാതെ മാധ്യമങ്ങള്‍ക്ക് കൊടുക്കലല്ലല്ലോ രീതി. സമസ്തയുടെ ഉത്തരവാദപ്പെട്ട നേതാക്കളുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. ഇതുവരെ മുസ്‌ലിം ലീഗ് സെക്രട്ടറിക്കെതിരേ ഒരു പരാതിയും അവരാരും പറഞ്ഞിട്ടില്ല. ഒരു കാര്യം ഉറപ്പാണ്. സമസ്തയുടെ മസ്തിഷ്‌കം മുസ്‌ലീം ലീഗിനൊപ്പമാണ്. പിഎംഎ സലാം ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം. വാര്‍ത്താസമ്മേളനത്തിനിടെ, പിഎംഎ സലാം സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയതങ്ങള്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

    മുഖ്യമന്ത്രിയുടെ ഫോണ്‍ കാള്‍ കിട്ടിയാല്‍ എല്ലാമായെന്ന് ചിന്തിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ടെന്നും സിപിഎമ്മിനോടുള്ള ഇവരുടെ സമീപനമെന്തെന്ന് അവര്‍ പറയണമെന്നുമുള്ള സലാമിന്റെ പരാമര്‍ശമാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഇതിലെ പരാമര്‍ശം മുത്തുക്കോയ തങ്ങള്‍ക്കെതിരേയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ് വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എസ് വൈഎസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ തുടങ്ങി 21 നേതാക്കള്‍ ഒപ്പിട്ട പരാതി മുസ് ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ക്ക് നല്‍കിയിരുന്നത്. സമസ്ത നേതാക്കള്‍ തന്നെ ഇക്കാര്യം മാധ്യമങ്ങള്‍ക്കു നല്‍കിയിരുന്നു. മാത്രമല്ല, ജിഫ്രി മുത്തുക്കോയ തങ്ങള്‍ തന്നെ മറുപടി നല്‍കിയതോടെ തര്‍ക്കം രൂക്ഷമായിരുന്നു. ഇതിനിടെയാണ്, കത്ത് നല്‍കിയ നേതാക്കള്‍ക്കെതിരേ പരസ്യവിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ രംഗത്തെത്തിയത്.

Tags:    

Similar News