രാജ്യസഭാ സീറ്റ്: പുതുമുഖങ്ങള്‍ പരിഗണനയിലെന്ന് സാദിഖലി തങ്ങള്‍; സ്ഥാനാര്‍ഥിയാവാനില്ലെന്ന് കുഞ്ഞാലിക്കുട്ടി

Update: 2024-05-28 10:03 GMT

മലപ്പുറം: കേരളത്തിലെ യുഡിഎഫില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള റിപോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി നേതാക്കള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാജ്യസഭാ സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കടക്കുമെന്നും യുവാക്കള്‍ക്കാണ് പരിഗണന കൊടുക്കുകയെന്നും മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ യുവാക്കളെ പരിഗണിക്കപ്പെടേണ്ടതായിത്. പി കെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് മല്‍സരിക്കില്ല. അദ്ദേഹം ഇപ്പോള്‍ കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലീഗിന്റെ പ്രധാന ദൗത്യം. കുഞ്ഞാലിക്കുട്ടിക്ക് നിയസഭയില്‍ ഇനിയും കാലാവധിയുള്ളതിനാല്‍ ഇപ്പോള്‍ രാജ്യസഭയിലേക്ക് മല്‍സരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തുകയാണെങ്കില്‍ മുസ് ലിം ലീഗിന് കേന്ദ്രമന്ത്രി സ്ഥാനത്തിനു സാധ്യതയുണ്ടെന്നതിനാല്‍ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മല്‍സരിച്ചേക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് കുഞ്ഞാലിക്കുട്ടിയും നയം വ്യക്തമാക്കി രംഗത്തെത്തിയത്. പാര്‍ട്ടി സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കടന്നിട്ടില്ലെന്നും മാധ്യമങ്ങളാണ് ചര്‍ച്ച തുടങ്ങിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാദിഖലി തങ്ങളാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. അതില്‍ പ്രതികരിക്കാന്‍ തനിക്ക് അവകാശമില്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നത്. തങ്ങളോട് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കുന്നത്. താന്‍ മല്‍സരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യസഭയിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നില്ലെങ്കില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നതെന്നാണ് സൂചന.

Tags:    

Similar News