രാജ്യസഭയില്‍ എന്‍ഡിഎയുടെ അംഗസംഖ്യ 100 കടന്നു; കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

Update: 2020-11-03 06:22 GMT

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി അടക്കം 9 അംഗങ്ങള്‍ കൂടി തിങ്കളാഴ്ച രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരണകക്ഷിയുടെ അംഗസംഖ്യ 100 കടന്നു. അതേസമയം 242 അംഗ സഭയില്‍ രണ്ട് അംഗളെ കൂടി നഷ്ടപ്പെട്ട കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നിലിവില്‍ സഭയില്‍ 38 സീറ്റാണ് കോണ്‍ഗ്രസ്സിനുള്ളത്. മൂന്നെണ്ണം ഒഴിഞ്ഞുകിടക്കുന്നതടക്കം 245 സീറ്റാണ് രാജ്യസഭയില്‍ ആകെയുള്ളത്.

കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 10ഉം ഉത്തരാഖണ്ഡിലെ ഒന്നും അടക്കം 11 സീറ്റുകള്‍ ബിജെപി കരസ്ഥമാക്കി. ഇന്നലെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ കേന്ദ്ര നഗരവികസന മന്ത്രി പുരിയും അടങ്ങുന്നു. അദ്ദേഹം എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ബിജെപിക്ക് മാത്രം 92 സീറ്റുണ്ട്.

എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയു ആറില്‍ മൂന്ന് സീറ്റ് നേടി.

എന്‍ഡിഎയില്‍ പെടുന്ന ആര്‍പിഐ അതാവാല, അസം ഗണപരിഷത്ത്, മിസോ നാഷണല്‍ ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗ പീപ്പിള്‍സ് ഫ്രണ്ട്, പാട്ടാളി മക്കള്‍ കച്ചി, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയവര്‍ ഓരോ സീറ്റും നേടി.

നിലവില്‍ എന്‍ഡിഎക്ക് സഭയില്‍ 104 സീറ്റാണ് ഉള്ളത്. അതിനും പുറമെ നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് പേരുടെ പിന്തുണയും എന്‍ഡിഎയ്ക്കുണ്ട്. രാജ്യസഭയില്‍ പകുതി അംഗസംഖ്യ എന്നത് 121 സീറ്റാണ്.

എഐഎഡിഎംകെ 9, ബിജെഡി 9, ടിആര്‍എസ് 7, വൈഎസ്ആര്‍ കോണ്‍ഗ്രസ് 6 എന്നിങ്ങനെയാണ് സുപ്രധാനമായ ബില്ലുകളില്‍ എന്‍ഡിഎക്ക് പിന്തുണ നല്‍കുന്ന മറ്റ് പാര്‍ട്ടികളുടെ അംഗസംഖ്യ. ഇവര്‍ ഓരോ ഇഷ്യു അനുസരിച്ചുള്ള പിന്തുണ നല്‍കുന്ന കക്ഷികളാണ്.

കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ എസ്പിക്ക് ഉത്തരാഖണ്ഡിലെയും യുപിയിലെയും അടക്കം മൂന്ന് സീറ്റുകള്‍ നഷ്ടപ്പെട്ടു. ബിഎസ്പിക്ക് ഒരു സീറ്റും നഷ്ടപ്പെട്ടു.

ഇതോടെ ഭരണകക്ഷിയെ സംബന്ധിച്ചിടത്തോളം രാജ്യസഭയില്‍ അവരുടെ അജണ്ട സുഗമമായി നടപ്പാക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. നിലവില്‍ എന്‍ഡിഎക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ല.

ബിജെപിയുടെ നീരജ് ശേഖര്‍, അരുണ്‍ സിങ്, ഗീത സാഖിയ, ഹരിദ്വാര്‍ ദുബെ, ബ്രിജിപാല്‍, ബിഎല്‍ വര്‍മ, സീമ ദ്വിവേദി എന്നിവരും എസ്പിയുടെ രാം ഗോപാല്‍ യാദവും ബിഎസ്ബിയുടെ രാംജി ഗൗതമുമാണ് ഇത്തവണ രാജ്യസഭയിലെത്തിയ പ്രമുഖര്‍.

പുതുതായി തിരഞ്ഞെടുത്തവരുടെ കാലാവധി 2026 നവംബര്‍ 24ന് അവസാനിക്കും.

Tags:    

Similar News