ഡല്‍ഹി കോര്‍പറേഷന്റെ ബുള്‍ഡോസിങ് തുടരുന്നു; ഇടത് സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്

Update: 2022-05-11 03:17 GMT

ന്യൂ ഡല്‍ഹി: ഡല്‍ഹി കോര്‍പറേഷന്റെ പൊളിച്ചുനീക്കല്‍ നടപടികള്‍ക്കെതിരെ ഇടതു സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്. ഇടതുപാര്‍ട്ടികള്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. കാശ്മീരി ഗേറ്റ് പരിസരത്ത് നിന്ന് രാവിലെ 12 മണിയോടെയാണ് മാര്‍ച്ച് ആരംഭിക്കുന്നത്. സിപിഎം, സിപിഐ, സിപിഐ എംഎല്‍, എഐഎഫ്ബി, ആര്‍എസ്പി തുടങ്ങിയ ഇടതുപാര്‍ട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.

തെക്കന്‍ ഡല്‍ഹി കോര്‍പറേഷന്റെ നടപടികള്‍ക്കെതിരെ ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്‍ പോലിസില്‍ പരാതി നല്‍കി. ഓഖ്‌ല മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി സ്ഥലം എംഎല്‍എയായ തന്നെയോ പൊതുമരാമത്ത് വകുപ്പിനെയോ അറിയിക്കാതെയാണ് നടക്കുന്നതെന്നാണ് അമാനത്തുള്ള ഖാന്റെ പരാതി. മുനിസിപ്പല്‍ ചട്ടം ലംഘിച്ച കോര്‍പറേഷന്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ അമാനത്തുള്ള ഖാന്‍ ആവശ്യപ്പെട്ടു.

അതേസമയം, പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കോര്‍പറേഷന്‍ അധികൃതരുടെ തീരുമാനം. ലോധി കോളനി, മെഹര്‍ചന്ദ് മാര്‍ക്കറ്റ്, ജെഎല്‍എന്‍ മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലെ അനധികൃത കയ്യേറ്റങ്ങള്‍ ഇന്ന് പൊളിച്ച് നീക്കാന്‍ ആണ് തെക്കന്‍ ഡല്‍ഹി കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് പതിമൂന്നോടെ കയ്യേറ്റം ഒഴിപ്പിക്കല്‍ യജ്ഞം അവസാനിക്കുന്ന തരത്തിലാണ് കോര്‍പറേഷന്റെ പദ്ധതി. ഇന്നലെ ഷഹീന്‍ ബാഗില്‍ പൊളിക്കാന്‍ എത്തിയതിന് തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ജനരോഷം ശക്തമായതോടെ പൊളിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Tags:    

Similar News