'മോദി തിന്നുന്നത് ഞങ്ങളുണ്ടാക്കുന്ന റൊട്ടി'; രോഷത്തോടെ പഞ്ചാബി കര്‍ഷകന്‍

Update: 2020-11-30 07:41 GMT

ന്യൂഡല്‍ഹി: കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന നിയമങ്ങള്‍ക്കെതിരേ കര്‍ഷകരോഷത്താല്‍ തിളച്ചുമറിയുകയാണ് രാജ്യതലസ്ഥാനം. പഞ്ചാബില്‍ നിന്നു തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഡല്‍ഹിയിലേക്കു കര്‍ഷകര്‍ ഒഴുകിത്തുടങ്ങിയിരിക്കുന്നു. ബാരിക്കേഡുകള്‍ തീര്‍ത്ത് തടയാമെന്ന മോദി ഭരണകൂടത്തിന്റെ തിട്ടൂരങ്ങള്‍ തകര്‍ത്തെറിഞ്ഞാണ് വയലേലകളിലെ കര്‍ഷകര്‍ ഇതിഹാസ സമരം തീര്‍ക്കുന്നത്. ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തി റോഡുകളും അടയ്ക്കുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഊട്ടുന്നവര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി നിയമത്തെ പുകഴ്ത്തുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷായാവട്ടെ സമരകേന്ദ്രം മാറ്റി തങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, എല്ലാം തള്ളി കര്‍ഷകര്‍ സമരമുഖത്ത് ഉറച്ചുനില്‍ക്കുകയാണ്. പഞ്ചാബിലെ അരി, ഗോതമ്പ്, കരിമ്പ് എന്നിവ കൃഷി ചെയ്യുന്ന 70കാരനായ ദേവ് സിങിന്റെ ഒറ്റ ചോദ്യം മതി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളറിയാന്‍. ''പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയൂ, താങ്കള്‍ കഴിക്കുന്ന റൊട്ടി നമ്മുടെ പഞ്ചാബിലെ കൃഷിയിടങ്ങളില്‍ ഉണ്ടാക്കുന്നതാണ്. ഞങ്ങള്‍, കൃഷിക്കാര്‍, രാജ്യത്തെയാകെ പോഷിപ്പിക്കുന്നവരാണ്''.

    ''അച്ഛേ ദിന്‍(നല്ല ദിവസം) വരുമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. എപ്പോഴാണ് വരിക?. ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍, കര്‍ഷകര്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ പുച്ഛിക്കുന്നതായും അദ്ദേഹം പറഞ്ഞു. അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ മുതല്‍ കര്‍ഷകനായി മാറിയതാണ് ദേവ് സിങ്. കുടുംബത്തിലെ മുതിര്‍ന്നവരെ സഹായിക്കുന്നതിനു വേണ്ടിയാണ് തുടങ്ങിയത്. അത് ഇന്നും തുടരുന്നു. ''ഞാന്‍ വൃദ്ധനാണ്, പക്ഷേ ദുര്‍ബലനല്ല. ഇപ്പോഴും കൃഷി ചെയ്യുന്നു,'' അദ്ദേഹം പറഞ്ഞു. ചെറുകിട, നാമമാത്ര കര്‍ഷകരെ അവര്‍ തിരഞ്ഞെടുക്കുന്ന വിപണികളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്ന ബില്ലിലൂടെ ശാക്തീകരിക്കുമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വാദമെങ്കിലും ദേവ് സിങ് ഇക്കാര്യത്തോട് വിയോജിച്ചു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് എംഎസ്പി ലഭിച്ചില്ലെങ്കില്‍, അവര്‍ ആത്മഹത്യ ചെയ്യും. കാരണം അവര്‍ കഠിനാധ്വാനം ചെയ്തിട്ടും അതില്‍ നിന്ന് ഒരു നേട്ടവുമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

    അഞ്ചാം ദിവസത്തിലേക്ക് കടന്ന 'ദില്ലി ഛലോ' മാര്‍ച്ച് ദിനംപ്രതി ശക്തിയാര്‍ജ്ജിക്കുകയാണ്. ആയിരക്കണക്കിന് ട്രാക്ടറുകള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയിലാണ് ഡല്‍ഹി-ഹരിയാന സിങ്കു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നത്. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന റൂട്ടുകളിലൊന്നാണ് സിങ്കു അതിര്‍ത്തി. പ്രതിഷേധക്കാരെ നേരിടാന്‍ പോലിസും ബിഎസ്എഫും നിലയുറപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച മൂന്ന് കര്‍ഷക ബില്ലുകള്‍ക്കെതിരേയാണ് സമരം നടക്കുന്നത്. ആയിരക്കണക്കിന് കര്‍ഷകര്‍ അതിര്‍ത്തിയില്‍ ക്യാംപ് ചെയ്യുകയും ഒരു മാസത്തിലേറെ ആവശ്യമുള്ള റേഷനുമായാണ് എത്തിയതെന്നുമാണ് റിപോര്‍ട്ട്.

'Let PM Modi Know The Bread He Eats is Grown in My Punjab,' Says 70-Year-Old Farmer

Tags:    

Similar News