ലൈഫ് മിഷന്‍:സ്വപ്‌ന സുരേഷ് സിബി ഐക്കു മുന്നില്‍ ഹാജരായി ; ഒന്നും ഒളിച്ചുവെയ്ക്കാനില്ലെന്ന് സ്വപ്‌ന സുരേഷ്

കൊച്ചിയിലെ സിബി ഐ ഓഫിസിലാണ് രാവിലെ സ്വപ്‌ന സുരേഷ് ഹാജരായിരിക്കുന്നത്.കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് സിബി ഐ കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷിന് നോട്ടീസ് അയച്ചിരുന്നു

Update: 2022-07-11 06:23 GMT

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ചോദ്യം ചെയ്യലിനായി സിബി ഐക്കു മുന്നില്‍ ഹാജരായി.കൊച്ചിയിലെ സിബി ഐ ഓഫിസിലാണ് രാവിലെ സ്വപ്‌ന സുരേഷ് ഹാജരായിരിക്കുന്നത്.കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് സിബി ഐ കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷിന് നോട്ടീസ് അയച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌ന സുരേഷ് ഇന്ന് സിബി ഐക്കു മുന്നില്‍ ഹാജരായിരിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് നടന്നുവെന്നാരോപിച്ച് നേരത്തെ സിബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹരജി കോടതി തള്ളിയിരുന്നു.തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് സിബി ഐയുടെ അന്വേഷണം നടന്നു വരികയാണ്.കേസില്‍ സ്വപ്‌ന സുരേഷിനെ ആദ്യമായിട്ടാണ് സിബി ഐ ചോദ്യം ചെയ്യുന്നത്.ചോദ്യം ചെയ്യലിനു ശേഷം കാര്യങ്ങള്‍ പറയാമെന്ന് സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തനിക്ക് ഒളിച്ചുവെയ്ക്കാനൊന്നുമില്ല.അതിന്റെ കാര്യവുമില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് സ്വപ്‌ന സുരേഷ് കോടതിയില്‍ 164 പ്രകാരം രഹസ്യമൊഴി നല്‍കുകയും പിന്നീട് മുഖ്യമന്ത്രി,കുടുംബാംഗങ്ങള്‍,മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍,മുന്‍ മന്ത്രി കെ ടി ജലീല്‍ അടക്കമുള്ളവരെ പ്രതിക്കൂട്ടിലാക്കി മാധ്യമങ്ങളിലൂടെയും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. വെളിപ്പെടുത്തലിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാരോപിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ പരാതി പ്രകാരം സ്വപ്‌ന സുരേഷിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്വപ്‌ന സുരേഷിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബി ഐ സ്വപ്നയെ ചോദ്യം ചെയ്യുന്നത്.

Tags:    

Similar News