ലിത്വാനിയയില്‍ വാതക പൈപ്പ് ലൈനില്‍ വന്‍ സ്‌ഫോടനം

Update: 2023-01-14 02:50 GMT

വില്‍നിയസ്: ലിത്വാനിയയില്‍ വാതക പൈപ്പ് ലൈനില്‍ വന്‍ സ്‌ഫോടനം. ലാത്വിയന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കന്‍ ലിത്വാനിയയിലെ പാസ്വാലിസ് മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ജനവാസ മേഖലയില്‍ നിന്ന് അകലെ മാറിയാണ് സ്‌ഫോടനമുണ്ടായത്. ആളപായമോ പരിക്കോ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം അന്വേഷിക്കുമെന്നും അട്ടിമറി തള്ളിക്കളയാനാവില്ലെന്നും ലാത്വിയയുടെ പ്രതിരോധ മന്ത്രി ആര്‍ട്ടിസ് പാബ്രിക്‌സ് ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍, സ്‌ഫോടനത്തില്‍ ദുരൂഹതയുള്ളതായി കരുതുന്നില്ലെന്ന് പൈപ്പ് ലൈനിന്റെ ഓപറേറ്റര്‍ പറഞ്ഞു. പക്ഷേ, അന്വേഷണം സാധ്യമായ എല്ലാ തരത്തിലും നടത്തും- ആംബര്‍ ഗ്രിഡ് ചീഫ് എക്‌സിക്യൂട്ടീവ് നെമുനാസ് ബിക്‌നിയസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ കാരണങ്ങളും വരും ദിവസങ്ങളില്‍ അന്വേഷിച്ച് വ്യക്തമാക്കും.

പൈപ്പ് ലൈനിലേക്കുള്ള വാതക വിതരണം വിച്ഛേദിക്കപ്പെട്ടുവെന്നും നാല് മണിക്കൂറിന് ശേഷം തീ അണച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനത്തെത്തുടര്‍ന്ന് വലിയ തീജ്ജ്വാലകള്‍ ആകാശത്തേക്ക് ഉയരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്ത ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 1978ല്‍ നിര്‍മിച്ച പൈപ്പ് ലൈനില്‍ അടുത്തിടെ ചില അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. സ്‌ഫോടനങ്ങള്‍ നടന്ന സമയത്ത് മേഖലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നോയെന്നു വ്യക്തമല്ല.

Tags:    

Similar News