കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്

Update: 2024-04-26 03:23 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളില്‍ ജനം വിധിയെഴുതിത്തുടങ്ങി. രണ്ടുമാസത്തോളം നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍ വോട്ടിങ് തുടങ്ങിയപ്പോള്‍ തന്നെ നീണ്ട ക്യൂ ആണ് കാണുന്നത്. മോക് പോളിന് ശേഷം രാവിലെ ഏഴിനാണ് വോട്ടിങ് തുടങ്ങിയത്. വൈകീട്ട് ആറുവരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. കേരളത്തില്‍ ആകെ 2,77,49,159 വോട്ടര്‍മാരാണുള്ളത്.വോട്ടെടുപ്പ് കുറ്റമറ്റതാക്കാന്‍ വിപുല ക്രമീകരണമാണ് തിരഞ്ഞെടുപ്പ് കമീഷന്‍ ഒരുക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. ആദ്യ മണിക്കൂറുകളില്‍

    ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാറ് കാരണം അല്‍പ്പനേരെ വൈകിയെങ്കിലും പോളിങ് തുടരാനായിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 77.68 ശതമാനമാണ് പോളിങ്. ഇത്തവണ അതിനെ മറികടക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. കോട്ടയത്താണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍-14. കുറവ് ആലത്തൂരും-അഞ്ച്. സ്ഥാനാര്‍ഥികളില്‍ 25 പേര്‍ സ്ത്രീകളാണ്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15,293 പേര്‍ പുരുഷന്മാരും 367 പേര്‍ ഭിന്നലിംഗക്കാരും. 5,34,394 പേര്‍ കന്നിവോട്ടര്‍മാരുമാണ്. മലപ്പുറത്താണ് കൂടൂതല്‍ വോട്ടര്‍മാര്‍. (33,93,884). കുറവ് വയനാടും (6,35,930).

    25,231 ബൂത്തുകളിലായി 30,238 ബാലറ്റ് യൂനിറ്റും 30,238 കണ്‍ട്രോള്‍ യൂനിറ്റും 32,698 വിവി പാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫിസര്‍മാര്‍ വഴി റിസര്‍വ് മെഷീന്‍ എത്തിക്കും. എട്ടു ജില്ലകളിലെ മുഴുവന്‍ ബൂത്തിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ മുഴുവന്‍ ബൂത്തിലും മുഴുസമയ നിരീക്ഷണം ഒരുക്കിയിട്ടുണ്ട്. ബാക്കി ജില്ലകളില്‍ 75 ശതമാനം ബൂത്തില്‍ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കി. ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളും തല്‍സമയ നിരീക്ഷണത്തിലായിരിക്കും. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം വോട്ടുയന്ത്രങ്ങള്‍ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും.

    കേരളത്തിലെ 20 സീറ്റിനുപുറമെ, കര്‍ണാടകയിലെ 28ല്‍ 14 സീറ്റുകളിലും രാജസ്ഥാന്‍(13), മഹാരാഷ്ട്ര (8), യുപി (8)മധ്യപ്രദേശ്(7), അസം (5), ബിഹാര്‍ (5), ഛത്തിസ്ഗഢ് (3), പശ്ചിമ ബംഗാള്‍(3), മണിപ്പൂര്‍ (1), ത്രിപുര(1), ജമ്മുകശ്മീര്‍ (1) മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. മൊത്തം 1206 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 102 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. മൊത്തം ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    

Similar News