സമസ്ത തന്ത്രങ്ങളും പാളി സിപിഎം; മലപ്പുറവും പൊന്നാനിയും ലീഡ് കൂടി

Update: 2024-06-04 11:19 GMT

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയങ്ങളിലൊന്നാമിയ മാറിയത് ലീഗും സമസ്തയും തമ്മിലുള്ള തര്‍ക്കമായിരുന്നു. തര്‍ക്കത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഇടപെട്ട് നേട്ടമുണ്ടാക്കാനുള്ള സുപിഎം തന്ത്രങ്ങളാകെ പാളിപ്പോയെന്നാണ് മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലെ ഫലം വ്യക്തമാക്കുന്നത്. രണ്ടു മണ്ഡലങ്ങളും ലീഗിന്റെ പൊന്നാപുരം കോട്ടകളായി നിലനിന്നു. രണ്ടിടത്തും കഴിഞ്ഞ തവണത്തേക്കാള്‍ ലീഗ് സ്ഥാനാര്‍ഥികള്‍ ലീഡ് വര്‍ധിപ്പിച്ചു. അവസാനറൗണ്ടിലെത്തുമ്പോള്‍ മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍ 2019 ല്‍ കുഞ്ഞാലിക്കുട്ടി നേടിയ 2,60,153 റെക്കോഡ് ലീഡ് കടന്ന് 2,71,301 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. പൊന്നാനിയില്‍ 2,13,123 വോട്ടിന്റെ ഭൂരിപക്ഷം ലീഡാണ് സമദാനി പിന്നിട്ടിരിക്കുന്നത്. 2019ല്‍ ഇ ടി പൊന്നാനിയില്‍ നേടിയ 1,93,273 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് സമദാനിയുടെ മുന്നേറ്റം. സമസ്തയിലെ ലീഗ് വിരുദ്ധര്‍ ഭീഷണി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചയിടങ്ങളിലെല്ലാം ലീഗ് മികച്ച പ്രകടനം കാഴ്ച വച്ചെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് തോറ്റ മണ്ഡലത്തിലും ഇക്കുറി ലീഗ് മുന്നേറി. സമസ്തയിലെ ഒരുവിഭാഗം സിപിഎമ്മിന് വോട്ട് മറിച്ചെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും വോട്ടെണ്ണലോടെ അതെല്ലാം അസ്ഥാനത്താണെന്ന് വ്യക്തമായി. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിനെതിരേ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും പൊന്നാനിയില്‍ അബ്ദുസ്സമദ് സമദാനിക്കെതിരേ ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സമിതിയംഗം കെ എസ് ഹംസയുമാണ് മല്‍സരിച്ചത്. ഹംസയ്ക്ക് സമസ്ത നേതാക്കളുമായുള്ള ബന്ധം സിപിഎമ്മിന് മുതല്‍ക്കൂട്ടാവുമെന്ന് പ്രചാരണമുണ്ടായെങ്കിലും ചലനമുണ്ടാക്കാനായില്ല. പൊന്നാനി മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സമദാനിയെ തേടിയെത്തുന്നത്. എന്നാല്‍, മലപ്പുറത്തെയും പൊന്നാനിയിലെയും ലീഗിന്റെ ഉജ്ജ്വല വിജയം സമസ്ത-ലീഗ് പോരിന് ആക്കം കൂട്ടുമോ അതോ മഞ്ഞുരുക്കത്തിലേക്ക് നയിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്.

Tags:    

Similar News