ലോക്‌സഭാ തിരഞ്ഞെടുപ്പ്: അവകാശപത്രികയുമായി മുസ്‌ലിം രാഷ്ട്രീയ സഭ

ന്യൂനപക്ഷ വോട്ടര്‍മാര്‍ നിര്‍ണായകമായ 100 ലോക്‌സഭാ മണ്ഡലങ്ങളില്‍ ലഘുലേഖ വിതരണം, ജനകീയ കണ്‍വന്‍ഷന്‍ എന്നിവയിലൂടെ ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും

Update: 2019-03-07 20:21 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ മുസ്‌ലിം രാഷ്ട്രീയ സഭ ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളെ പ്രധിനിധീകരിച്ച് ബുദ്ധിജീവികള്‍, പണ്ഡിതര്‍, സമുദായിക നേതാക്കള്‍ പങ്കെടുത്തതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമകാലിക രാഷ്ട്രീയ സാഹചര്യം, രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്ങ്ങളെ കുറിച്ചുള്ള ചര്‍ച്ച, ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിംകളുടെ ഉല്‍കണ്ഠകള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ എന്നിവ മുസ്‌ലിം രാഷ്ട്രീയ സഭ ചര്‍ച്ച ചെയ്തു. മുസ്‌ലിം സമുദായത്തിന്റെ വികസനം, പ്രാതിനിധ്യം, വിദ്യാഭാസ-സാംസ്‌കാരിക സുരക്ഷ, മറ്റു പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്ന അവകാശപത്രിക അംഗീകരിച്ച് സഭ സമാപിച്ചു. പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ സഭ നിയന്ത്രിച്ചു. ഇ എം അബ്ദുര്‍റഹ്മാന്‍ മോഡറേറ്ററായിരുന്നു. ഡോ. തസ്‌ലീം റഹ്മാനി അവകാശ പത്രിക അവതരിപ്പിച്ചു. മുഹമ്മദ് അലി ജിന്ന ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ വാഹിദ് സേഠ് നന്ദി പറഞ്ഞു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ-ഭരണഘടനാ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ മാധ്യമങ്ങളും ശ്രമിക്കണമെന്ന് സഭ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ 25 സ്‌കീമുകളിലായി 73 ആവശ്യങ്ങള്‍ അവകാശ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സച്ചാര്‍-മിശ്ര കമ്മീഷന്‍ ശുപാര്‍ശകള്‍, ന്യൂനപക്ഷ ക്ഷേമ പദ്ധതി, വിദഗ്ധ തൊഴിലും കൈത്തൊഴിലും, പ്രാതിനിധ്യ നിയമം, എന്‍ആര്‍സി, പൗരത്വ ഭേദഗദി നിയമം, ഏറ്റുമുട്ടല്‍ കൊലകള്‍, വിചാരണ തടവ്, ആനുപാതിക പ്രാതിനിധ്യം, മത ന്യൂനപക്ഷങ്ങളുടെ സംവരണം, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മുസ്‌ലിം വ്യക്തി നിയമം, ആരാധനാലയങ്ങള്‍, വഖ്ഫ്, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകള്‍ തുടങ്ങിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണു പത്രികയിലുള്ളത്.

    ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളില്‍ ഉല്‍കണ്ഠയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇതിനോട് അനുകൂലമായി പ്രതികരിക്കണമെന്നും അവകാശപത്രികയിലെ ആവശ്യങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും സഭ ആവശ്യപ്പെട്ടു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ഈ അവകാശ പത്രികയോട് രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പ്രതികരണം വോട്ടര്‍മാര്‍, പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടര്‍മാര്‍ പരിശോധിച്ച് വിലയിരുത്തണം. തുടര്‍നടപടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകളില്‍ അവകാശപത്രിക ഉള്‍പ്പെടുത്താനും വോട്ടര്‍മാരെ അവരുടെ അവകാശങ്ങളെകുറിച്ച് ബോധവാന്‍മാരാക്കാനും ശ്രമം നടത്തും. ന്യൂനപക്ഷ വോട്ടര്‍മാര്‍ നിര്‍ണായകമായ 100 ലോക്‌സഭാ മണ്ഡലങ്ങളില്‍ ലഘുലേഖ വിതരണം, ജനകീയ കണ്‍വന്‍ഷന്‍ എന്നിവയിലൂടെ ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. നിലവില്‍ ബിജെപി നയിക്കുന്ന, ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനു കീഴില്‍ മത ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണ്. എല്ലാവര്‍ക്കും നീതി എന്നതിനു പകരം വെറുപ്പിന്റെ രാഷ്ട്രീയമാണ് ഭരണകൂടത്തെ നയിക്കുന്നത്. അതിനാല്‍ തന്നെ, വരുന്ന തിരഞ്ഞെടുപ്പില്‍ മറ്റൊരു സര്‍ക്കാര്‍ വരണമെന്നത് മത ന്യൂനപക്ഷങ്ങളുടെ താല്‍പര്യമാണ്. അതേസമയം, മുസ്‌ലിം വോട്ടുകളെ പരമ്പരാഗതമായി ആശ്രയിക്കുന്ന ബിജെപി ഇതര മുഖ്യപാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളുടെ അസ്തിത്വപരവും വികസനപരവുമായ പ്രശ്‌നങ്ങളെ അവഗണിക്കുകയാണ്. സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്താതെ കേവലം ഭരണപക്ഷത്തിന്റെയോ മുന്നണിയുടെയോ മാറ്റം അഭിലഷണീയമായ ബദലല്ല. ബിജെപിക്ക് യഥാര്‍ത്ഥ ബദലാവുന്നതിന് വിവിധ പ്രശ്‌നങ്ങളില്‍ ജനപക്ഷവും മതേതരവുമായ സമീപനം സ്വീകരിക്കണം. ബാബരി മസ്ജിദ്, പ്രാതിനിധ്യം, ജനവിരുദ്ധ നിയമങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ പ്രതിപക്ഷം മൃദുഹിന്ദുത്വം തുടരുകയോ മൗനം പാലിക്കുകയോ ചെയ്യുകയാണെന്ന് മുസ്‌ലിം രാഷ്ട്രീയ സഭ ചൂണ്ടിക്കാട്ടി.

    തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഭരണത്തിലെത്തിക്കുകയോ അല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടിയെ ഭരണത്തില്‍നിന്നു താഴെയിറക്കുകയോ മാത്രമായി മുസ്‌ലിംകളുടെ കാര്‍ത്തവ്യം പരിമിതപ്പെട്ടിരിക്കുകയാണെന്നു ഇ അബൂബക്കര്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളൊന്നും മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ തയ്യാറാവുന്നില്ല. ബിജെപിയെ പരാജയപ്പെടുത്തേണ്ട ഉത്തരവാദിത്വം മതേതര പാര്‍ട്ടികളുടെ ഭിന്നിച്ച ഗൃഹങ്ങളില്‍ കുടിയിരിപ്പുകാരായ മുസ്‌ലിംകളുടെ ചുമലിലാണ്. വിവിധ കക്ഷികളുടെ നിഷ്‌ക്രിയ വോട്ടര്‍മാരായി തുടരാതെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗം തങ്ങള്‍ക്ക് ഭരണത്തില്‍ അര്‍ഹതപ്പെട്ട ഓഹരിയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനെ കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന, സെക്രട്ടറി അബ്ദുല്‍ വാഹിദ് സേഠ്, നാഷനല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഇ എം അബ്ദുര്‍റഹ്മാന്‍, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹ്മദ് പങ്കെടുത്തു.




Tags:    

Similar News