ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സര്‍വേ റിപോര്‍ട്ട്

Update: 2024-02-08 13:41 GMT

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം കേരളത്തിലോ തമിഴ്‌നാട്ടിലോ അക്കൗണ്ട് തുറക്കില്ലെന്ന് സര്‍വേ റിപോര്‍ട്ട്. ഇന്ത്യ ടുഡേ-സി വോട്ടര്‍ ടീം നടത്തിയ 'മൂഡ് ഓഫ് ദി നേഷന്‍' സര്‍വേയുടെ വിവരങ്ങളാണ് പുറത്തുവന്നത്. കേരളത്തിലെ 20 ല്‍ 20 സീറ്റുകളും ഇന്‍ഡ്യാ സഖ്യം നേടുമെന്നാണ് സര്‍വേയില്‍ പറയുന്നത്. അതേസമയം, എന്നാല്‍ ഇന്‍ഡ്യ സഖ്യത്തിലെ കക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം മല്‍സരിക്കുന്ന കേരളത്തിലെ ഇരുപാര്‍ട്ടികളുടെയും സീറ്റുകളുടെ എണ്ണത്തെ കുറിച്ച് പറയുന്നില്ല. അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും എന്‍ഡിഎ സഖ്യം അക്കൗണ്ട് തുറക്കില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. തമിഴകത്ത് ആകെയുള്ള 39ല്‍ 39 സീറ്റുകളും ഇന്‍ഡ്യ സഖ്യം നേടുമെന്നാണ് സര്‍വേഫലം. ഇന്‍ഡ്യ സഖ്യത്തിന് 47 ശതമാനം വോട്ടും മറ്റുള്ളവര്‍ക്ക് 38 ശതമാനം വോട്ടുകളും ലഭിക്കുമ്പോള്‍ എന്‍ഡിഎ 15 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് സര്‍വേ വ്യക്തമാക്കിയത്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ കര്‍ണാടകയില്‍ എന്‍ഡിഎയ്ക്ക് 24 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. ഇന്‍ഡ്യ സഖ്യത്തിന് വെറും നാല് സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും പറയുന്നു. ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളില്‍ 72 സീറ്റുകള്‍ എന്‍ഡിഎ സഖ്യം നേടുമെന്നും ഇന്‍ഡ്യ സഖ്യം 8 സീറ്റുകള്‍ തൃപ്തിപ്പെടേണ്ടിവരുമെന്നും പറയുന്നുണ്ട്.

    യുപിയില്‍ ബിജെപി 70, സമാജ്‌വാദി പാര്‍ട്ടി 7, അപ്‌നാദള്‍ 2, കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് സര്‍വേയില്‍ പറയുന്നത്. സര്‍വേ നടത്തിയ കാലയളവ് 2023 ഡിസംബര്‍ 15 നും 2024 ജനുവരി 28 നും ഇടയിലാണ്. എന്നാല്‍, മമതാ ബാനര്‍ജിയും അരവിന്ദ് കെജ് രിവാളും നിതീഷ് കുമാറും ഇന്‍ഡ്യ സഖ്യം വിടുന്നതിനു മുമ്പാണ് സര്‍വേ നടത്തിയത് എന്നതും പ്രസക്തമാണ്.

Tags:    

Similar News