ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച കേസ്: രണ്ട് പ്രതികള്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടിസ്
മാനന്തവാടി: വയനാട് മാനന്തവാടി കൂടല്‍ക്കടവില്‍ ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച കേസിലെ രണ്ടു പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. താഴെപുനത്തില്‍ ടി പി നബീല്‍ കമര്‍, കുന്നുമ്മല്‍ കെ വിഷ്ണു എന്നിവരെ പിടികൂടാനാണ് ലുക്ക്ഔട്ട് നോട്ടീസ്. കേസിലെ മറ്റു പ്രതികളായ പച്ചിലക്കാട് കക്കാറക്കല്‍ അഭിറാം കെ സുജിത്, പുത്തന്‍പീടികയില്‍ മുഹമ്മദ് അര്‍ഷിദ് എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
കേസില്‍ പ്രതികള്‍ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയതായി പോലിസ് അറിയിച്ചു. വധശ്രമത്തിന് പുറമെ പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇനി കേസ് ഇത്തരം കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയായിരിക്കും പരിഗണിക്കുക.