രാജ്യത്തിന്റെ ഐക്യത്തിനുള്ള അവസരമാവട്ടെ; ഭൂമിപൂജയ്ക്ക് ആശംസയുമായി പ്രിയങ്ക ഗാന്ധി
രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച വിഷയത്തില്‍ കമല്‍നാഥ്, ദിഗ് വിജയ് സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ അനുകൂല നിലപാടുമായി വന്നിരുന്നെങ്കിലും നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവിന്റെ ആദ്യ പ്രതികരണം പ്രിയങ്കയുടേതാണ്
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിനു വേണ്ടിയുള്ള ഭൂമിപൂജ നാളെ നടക്കാനിരിക്കെ ചടങ്ങിന് ആശംസയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാമന്‍ എല്ലാവരിലുമുണ്ടെന്നും രാമന്‍ എല്ലാവരുടെ കൂടെയുമുണ്ടെന്നും പറഞ്ഞ പ്രിയങ്ക, രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക കൂടിച്ചേരലിന്റെയും അവസരമാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ലാളിത്യം, ധീരത, സംയമനം, ത്യാഗം, സമര്‍പ്പണം എന്നിവയാണ് രാമന്‍ എന്ന പേരിന്റെ കാതല്‍ എന്നും ഹിന്ദിയില്‍ എഴുതിയ ട്വിറ്ററില്‍ പ്രിയങ്ക ഗാന്ധി കുറിച്ചു. രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച വിഷയത്തില്‍ കമല്‍നാഥ്, ദിഗ് വിജയ് സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ അനുകൂല നിലപാടുമായി വന്നിരുന്നെങ്കിലും നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവിന്റെ ആദ്യ പ്രതികരണം പ്രിയങ്കയുടേതാണ്. അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് മാറ്റുകയാണെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് ക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ചുകൊണ്ട് മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തുന്നത്. അയോധ്യ സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശിന്റെ പാര്‍ട്ടി ചുമതലയുള്ള നേതാവാണ് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതല പ്രിയങ്കാ ഗാന്ധിക്കു നല്‍കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതും ഉള്‍പ്പെടെ 150ഓളം പേര്‍ക്കാണ് ഭൂമി പൂജയ്ക്കു ക്ഷണം ലഭിച്ചത്. എന്നാല്‍, നാളെ നടക്കുന്ന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്നാണു റിപോര്‍ട്ടുകള്‍. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന കഴിഞ്ഞ നവംബറിലെ സുപ്രിംകോടതി വിധിയെയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം സ്വാഗതം ചെയ്തിരുന്നു. ക്ഷേത്ര നിര്‍മാണത്തിനു പാര്‍ട്ടി അനുകൂലമാണെന്ന് പ്രമേയം അവതരിപ്പിച്ച പാര്‍ട്ടി വക്താവ് സുര്‍ജേവാല വ്യക്തമാക്കിയിരുന്നു.
"Lord Ram Is With Everyone": Priyanka Gandhi Ahead Of Ayodhya Ceremony