കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തില്‍ 'ലൗ ജിഹാദ്' പരാമര്‍ശം നടത്തിയതിന് തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം തോമസിനെതിരേ പാര്‍ട്ടിയുടെ അച്ചടക്ക നടപടി. അദ്ദേഹത്തെ പരസ്യമായി ശാസിക്കും. ബുധനാഴ്ച ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. നടപടിയുടെ കാര്യം സംസ്ഥാന സമിതി യോഗം ജില്ലാ സെക്രട്ടേറിയറ്റിന് വിടുകയായിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനാണ് നടപടിയുടെ കാര്യം അറിയിച്ചത്.
മിശ്രവിവാഹ വിഷയത്തില്‍ ജോര്‍ജ് എം തോമസിന്റെ നിലപാട് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു സിപിഎം നടപടിക്കൊരുങ്ങിയത്. ജോര്‍ജിനോട് ജാഗ്രത പാലിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു. ജോര്‍ജ് എം തോമസിന്റേത് പാര്‍ട്ടി വിരുദ്ധ നിലപാടാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് പാര്‍ട്ടി രേഖകളിലും പറയുന്നുണ്ടെന്നായിരുന്നു ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം. ഇത് വിവാദമായതിനു പിന്നാലെ സിപിഎം ജില്ലാ നേതൃത്വം ജോര്‍ജ് എം തോമസിനെ തിരുത്തി.
വിഷയത്തില്‍ ചില പാളിച്ചകള്‍ സംഭവിച്ചതായി അദ്ദേഹം ഏറ്റുപറഞ്ഞിരുന്നു. തെറ്റ് ഏറ്റുപറഞ്ഞെങ്കിലും പാര്‍ട്ടി അംഗീകരിക്കാത്തതും പാര്‍ട്ടി വിരുദ്ധവുമായ നിലപാടാണ് ജോര്‍ജ് എം തോമസില്‍ നിന്നുണ്ടായതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏത് വിഷയത്തില്‍ പ്രതികരിക്കുമ്പോഴും അത് പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപിടിച്ചായിരിക്കണം പ്രതികരിക്കേണ്ടത്. ജോര്‍ജ് എം തോമസിന്റെ ഭാഗത്തുനിന്ന് വന്ന വീഴ്ച പാര്‍ട്ടി വിശദമായി പരിശോധിച്ച ശേഷമാണ് നടപടിയെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാന്‍ നീക്കം നടക്കുന്നതായി പാര്‍ട്ടി രേഖകളിലുണ്ടെന്ന ജോര്‍ജ് എം തോമസിന്റെ പരാമര്‍ശമാണു വിവാദമായത്. ഡിവൈഎഫ്‌ഐ നേതാവ് ഷിജിനും ജോയ്‌സ്‌നയും തമ്മിലുള്ള പ്രണയ വിവാഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജോര്‍ജ് എം തോമസിന്റെ പ്രതികരണം. പാര്‍ട്ടി തള്ളിപ്പറഞ്ഞ ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്ന തരത്തിലുള്ള ഈ പരാമര്‍ശം ബിജെപി ഉള്‍പ്പെടെയുള്ളവര്‍ ആയുധമാക്കിയതോടെ തനിക്ക് തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞ് ജോര്‍ജ് എം തോമസ് പാര്‍ട്ടി സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ രംഗത്തെത്തി. നാക്കുപിഴയാണെന്നു ജോര്‍ജ് ഏറ്റുപറഞ്ഞെങ്കിലും നടപടിയുമായി പാര്‍ട്ടി മുന്നോടുപോവുകയായിരുന്നു.