ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റാവും; അതീവ ജാഗ്രതയുമായി കേരളം
12 മണിക്കൂറിനകം തീവ്രന്യൂനമര്‍ദം ബുറേവി ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ന്യൂനമര്‍ദം ആറു മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകും. 12 മണിക്കൂറിനകം തീവ്രന്യൂനമര്‍ദം ബുറേവി ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തെത്തും. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തെത്താനുള്ള സാധ്യതയും കേന്ദ്രം വ്യക്തമാക്കയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍കേരളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ശക്തമായ കാറ്റും അതീതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
തെക്കന്‍ കേരളത്തില്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിതീവ്രമഴയുണ്ടാകുമെന്നാണ് പ്രവചനം. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ബുധനാഴ്ച നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ മുതല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കന്‍ തീരങ്ങളില്‍ 75 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് കടലില്‍പ്പോകുന്നതിന് നിരോധനമുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന, തീരസംരക്ഷണ സേന, വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ദുരന്ത പ്രതികരണസേനയുടെ ഏഴ് സംഘങ്ങളെക്കൂടി ആവശ്യപ്പെട്ടു. മറ്റ് കേന്ദ്രസേനകളോടും സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കി. ശബരിമലയില്‍ പ്രത്യേകജാഗ്രത പുലര്‍ത്തും. അതിതീവ്രമഴയുണ്ടായാല്‍ ചെറിയ അണക്കെട്ടുകള്‍ തുറക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.