ലഫ്. ജനറല്‍ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവി

Update: 2022-04-18 15:54 GMT

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയാവും. നിലവില്‍ കരസേനാ ഉപമേധാവിയാണ് അദ്ദേഹം. കരസേനയുടെ നിലവിലെ മേധാവി എം എന്‍ നരവണെയുടെ കാലാവധി ഏപ്രില്‍ 30ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. സേനയിലെ കോര്‍പ്‌സ് ഓഫ് എന്‍ജിനീയേഴ്‌സ് വിഭാഗത്തില്‍ നിന്നുള്ള ആദ്യ കരസേനാ മേധാവി കൂടിയാണ് പാണ്ഡെ. മെയ് ഒന്നിനാണ് അദ്ദേഹം ചുമതലയേല്‍ക്കുക. രാജ്യത്തെ 29ാമത്തെ കരസേനാ മേധാവിയായിട്ടാണ് ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ചുമതലയേല്‍ക്കുക.

നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായ പാണ്ഡെ 1982 ഡിസംബറിലാണ് കോര്‍പ്‌സ് ഓഫ് എന്‍ജിനീയേഴ്‌സിലേക്ക് നിയമിക്കപ്പെടുന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ പല്ലന്‍വാല സെക്ടറില്‍ ഓപറേഷന്‍ പരാക്രം സമയത്ത് ലെഫ്റ്റനന്റ് ജനറല്‍ പാണ്ഡെ ഒരു എന്‍ജിനീയര്‍ റെജിമെന്റിന് കമാന്‍ഡായിരുന്നു. 2001 ഡിസംബറില്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയെയും പാകിസ്താനെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് വന്‍തോതില്‍ സൈനികരെയും ആയുധങ്ങളെയും അണിനിരത്തിയതാണ് ഓപറേഷന്‍ പരാക്രം.

തന്റെ 39 വര്‍ഷത്തെ സൈനിക ജീവിതത്തില്‍ ലെഫ്റ്റനന്റ് ജനറല്‍ പാണ്ഡെ വെസ്‌റ്റേണ്‍ തിയറ്ററിലെ ഒരു എന്‍ജിനീയര്‍ ബ്രിഗേഡ്, നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള ഒരു ഇന്‍ഫന്‍ട്രി ബ്രിഗേഡ്, ലഡാക്ക് സെക്ടറിലെ ഒരു മൗണ്ടന്‍ ഡിവിഷന്‍, വടക്കുകിഴക്ക് ഒരു കോര്‍പ്‌സ് എന്നിവയ്ക്ക് കമാന്‍ഡര്‍ ചെയ്തിട്ടുണ്ട്. കിഴക്കന്‍ കമാന്‍ഡിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ആന്‍ഡമാന്‍- നിക്കോബാര്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്നു.

Tags:    

Similar News