നാദാപുരം അര്‍ബന്‍ ബാങ്കില്‍ ബിജെപി പ്രവര്‍ത്തകന് നിയമനം; ലീഗ് ഭരണസമിതിക്കെതിരേ പ്രമേയവുമായി കോണ്‍ഗ്രസ്
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുന്ന നാദാപുരം അര്‍ബന്‍ ബാങ്കില്‍ സെക്യൂരിറ്റി കം പ്യൂണ്‍ തസ്തികയില്‍ ബിജെപി പ്രവര്‍ത്തകന് നിയമനം നല്‍കിയതിനെതിരേ പ്രമേയവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത്. ബാങ്ക് ഭരണസമിതി നിയമന തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ലീഗ് നേതൃത്വത്തിനോട് ആവശ്യപ്പെടുന്ന പ്രമേയം മണ്ഡലം കമ്മിറ്റി യോഗം ഐക്യകണ്‌ഠേന പാസാക്കി. ലീഗ് നേതൃത്വം നല്‍കുന്ന ബാങ്കില്‍ ബിജെപി പ്രവര്‍ത്തകനെ നിയമിക്കാന്‍ കോണ്‍ഗ്രസുകാര്‍ കൂട്ടുനിന്നെന്നും മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ആര്‍എസ്എസുകാരനെ കോണ്‍ഗ്രസുകാരനാണെന്ന് കാണിച്ച് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കത്ത് നല്‍കിയതിനെക്കുറിച്ചും നിയമനം നടത്താന്‍ ഒത്താശ ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന് ഡിസിസി നേതൃത്വത്തോടും ആവശ്യപ്പെടുന്ന പ്രമേയമാണ് യോഗം പാസാക്കിയത്. ബിജെപിക്കാരനായ ചേറോട് ചേന്ദമംഗലം സ്വദേശിയെ 10 ലക്ഷം രൂപ കോഴ വാങ്ങിയാണ് ബാങ്കില്‍ മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് ബംഗ്ലത്ത് ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചതെന്നാണ് ഉയരുന്ന ആരോപണം.
എന്നാല്‍, ചേറോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ചേറോട് ശാഖാ ലീഗ് കമ്മിറ്റിയുടെയും ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്താന്‍ ബാങ്ക് ഭരണസമിതി തീരുമാനമെടുത്തതെന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം. നിയമനം വിവാദമായതോടെ സെക്യൂരിറ്റി കം പ്യൂണ്‍ തസ്തികയില്‍ നിയമിതനായ വ്യക്തിയെ ബിജെപി അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ഒഴിവാക്കിയതും ചര്‍ച്ചയായിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം മിശ്രവിവാഹിതനായ യൂത്ത് കോണ്‍ഗ്രസ് നേതാവിന് അര്‍ബന്‍ ബാങ്കില്‍ നിയമനം നല്‍കാനുള്ള നീക്കത്തിന് ലീഗ് നേതൃത്വമാണ് തടയിട്ടത്. ഇതിനെതിരേ അമര്‍ഷം ശക്തമായിരിക്കെ ബിജെപിക്കാരന് നിയമനം നല്‍കിയതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്. അതിനിടെ, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയെ അപകീര്‍ത്തിപ്പെടുത്താന്‍ മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കത്തിനെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.