കള്ളനോട്ടടി യന്ത്രവുമായി നേരത്തെ പോലിസ് പിടിയിലായ ബിജെപി നേതാവ് വീണ്ടും അറസ്റ്റില്‍; ലക്ഷങ്ങളുടെ കള്ളനോട്ടും പിടിച്ചെടുത്തു
യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റ് എരാശേരി രാജേഷ് 2017 ജൂണ്‍ മാസത്തില്‍ 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ട് അടിക്കുന്ന യന്ത്രവുമായി അറസ്റ്റിലായിരുന്നു.
കോഴിക്കോട്: കള്ളനോട്ടടി യന്ത്രവുമായി നേരത്തെ പോലിസ് പിടിയിലായ ബിജെപി നേതാവ് കള്ളനോട്ടുമായി വീണ്ടും അറസ്റ്റില്‍. ലക്ഷങ്ങളുടെ കള്ളനോട്ടുമായി തൃശൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശി എരാശേരി രാകേഷാണ് വീണ്ടും അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളി മലപ്പുറം സ്വദേശി സുനീറും പിടിയിലായിട്ടുണ്ട്. കോഴിക്കോട് ഓമശ്ശേരിയില്‍ വച്ച് കൊടുവള്ളി പോലിസാണ് ഇരുവരേയും പിടികൂടിയത്.
യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റ് എരാശേരി രാജേഷ് 2017 ജൂണ്‍ മാസത്തില്‍ 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ട് അടിക്കുന്ന യന്ത്രവുമായി അറസ്റ്റിലായിരുന്നു. അന്ന് തൃശൂര്‍ ജില്ലയില്‍ വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ കുബേര റെയ്ഡിലാണ് കള്ളനോട്ട് കണ്ടെടുത്തത്. രാകേഷ് പലിശ ഇടപാട് നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു എസ്‌ഐ മനു വി. നായരുടെ നേതൃത്വത്തില്‍ റെയ്ഡ്.
ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ലാപ്‌ടോപ്പും സ്‌കാനറും ആധുനിക രീതിയിലുള്ള കളര്‍ പ്രിന്ററും സജ്ജീകരിച്ചിരുന്നത്. കള്ളനോട്ടുകള്‍ എ ഫോര്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത നിലയിലായിരുന്നു അന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്തവയില്‍ 1,37,590 രൂപയുടെ വ്യാജ നോട്ടുകളുണ്ട്. 2000 രൂപയുടെ 64 എണ്ണം, 500 രൂപയുടെ 13, 50 രൂപയുടെ അഞ്ച്, 20 രൂപയുടെ പത്ത് എന്നിങ്ങനെയാണു അന്ന് പിടിച്ചെടുത്ത നോട്ടുകളുടെ എണ്ണം.