സുബൈറിന്റെ കൊലപാതകം: ആര്‍എസ്എസ് സംഘം ഉപയോഗിച്ച കാര്‍ വാടകയ്ക്ക് നല്‍കിയത് ബിജെപി പ്രവര്‍ത്തകന്‍ രമേശിന്
പാലക്കാട്: പോപുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് സംഘം സഞ്ചരിച്ച കാറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ക്ഷേത്രദര്‍ശനത്തിന് പോവുമെന്ന് പറഞ്ഞ് ബിജെപി പ്രവര്‍ത്തകനായ രമേശാണ് കാര്‍ കൊണ്ടുപോയതെന്ന് കാര്‍ ദിവസ വാടകയ്ക്ക് നല്‍കുന്ന അലിയാര്‍ വെളിപ്പെടുത്തി. കാര്‍ കൃപേഷിന്റെ പേരിലാണ് വാങ്ങിയതെങ്കിലും രണ്ടുവര്‍ഷമായി ഉപയോഗിക്കുന്നത് അലിയാരാണ്. കാര്‍ അലിയാര്‍ വാടകയ്ക്ക് നല്‍കുന്നതാണെന്ന് കൃപേഷ് പറഞ്ഞു.
KL 9 AQ 7901 മാരുതി അള്‍ട്ടോ കാറാണ് കൊലയാളി സംഘം ഉപയോഗിച്ചത്. കൊലപാതകത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ ഈ കാര്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചിക്കോട് കണ്ടെത്തുകയായിരുന്നു. രമേശിനെ സ്ഥിരമായി കാണുന്നതാണെന്ന് അലിയാര്‍ പറഞ്ഞു. മുമ്പും ഇത്തരത്തില്‍ വാഹനം കൊണ്ടുപോയിട്ടുണ്ട്. ഇന്നലെ രാവിലെ 9.45നാണ് കാര്‍ നല്‍കിയത്. കൊലപാതകം നടന്ന ശേഷം മറ്റുള്ളവര്‍ പറഞ്ഞപ്പോഴാണ് കാര്‍ അവര്‍ ഉപയോഗിച്ചതായി അറിയുന്നത്. അതിന് ശേഷം അവരെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
ഉച്ചയ്ക്ക് ഒരുമണി മുതല്‍ അവരെ ഫോണ്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. രമേശിന്റെ ഫോട്ടോയും ഫോണ്‍ നമ്പറും സംസാരിച്ചതിന്റെ റെക്കോര്‍ഡും കൈയിലുണ്ട്. പോലിസ് വന്നപ്പോള്‍ ഇതെല്ലാം കൊടുത്തിട്ടുണ്ട്. കുടുംബത്തോടൊപ്പം വിഷുവിന് അമ്പലത്തില്‍ പോവണമെന്ന് പറഞ്ഞാണ് കാര്‍ കൊണ്ടുപോയത്. മുമ്പും ഇത്തരത്തില്‍ കാര്‍ കൊണ്ടുപോയിരുന്നു. കാറിന്റെ ആര്‍സി ഉടമ കൃപേഷ് എന്റെ കൂടെ ഡ്രൈവറായി ജോലിചെയ്തിരുന്നു. അന്ന് അവന്റെ പേരിലാണ് കാറെടുത്തതെന്നും അലിയാര്‍ കൂട്ടിച്ചേര്‍ത്തു. കൊലയാളി സംഘം ഉപയോഗിച്ച മറ്റൊരു കാര്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.