എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിരുന്നെങ്കിലും പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ ആറുമാസത്തേക്കുകൂടി നീട്ടി

Update: 2022-01-04 19:12 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സ്വര്‍ണക്കടത്തുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്‌പെന്റ്് ചെയ്തിരുന്നത്. ഒരു വര്‍ഷവും അഞ്ചു മാസത്തിനും ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത്. ഏത് തസ്തികയിലേക്കാണ് തിരിച്ചെടുക്കുക എന്നത് പിന്നീട് തീരുമാനിക്കും. ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിരുന്നെങ്കിലും പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ ആറുമാസത്തേക്കുകൂടി നീട്ടി. സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കര്‍ പ്രതി സ്വപ്‌ന സുരേഷിനെ വഴിവിട്ടു നിയമിക്കാന്‍ ഇടപെട്ടുവെന്നും ഇത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തത്. ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് കണക്കിലെടുത്താണ് കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്.

Tags:    

Similar News