മഥുര ഈദ്ഗാഹ് മസ്ജിദ്: ദേശവ്യാപക പ്രക്ഷോഭമായി മാറും-ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
ന്യൂഡല്‍ഹി: ആരാധനാലയങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനും വര്‍ഗീയാഗ്‌നി ആളിക്കത്തിച്ച് ദേശീയ ഐക്യം തകര്‍ക്കാനുമുള്ള നീക്കങ്ങള്‍ ആര്‍എസ്എസ് അവസാനിപ്പിച്ചില്ലെങ്കില്‍ ദേശവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ അധ്യക്ഷന്‍ മൗലാനാ മുഹമ്മദ് അഹ്‌മദ് ബേഗ് നദ്വി പറഞ്ഞു. ജനങ്ങളെ ഭരണാധികാരികളുടെ അടിമകളാക്കാന്‍ വേണ്ടിയുള്ള സംവിധാനങ്ങളായി കോടതികള്‍ മാറിയിരിക്കുന്നു. ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാനാണ് കോടതികള്‍ നിലകൊള്ളുന്നതെങ്കില്‍ രാജ്യത്ത് കോടതികളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ബാബരി മസ്ജിദ് ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട കേസില്‍ തികച്ചും അന്യായമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ സപ്തംബര്‍ 30ന് സിബിഐ കോടതി ബാബരി മസ്ജിദ് തകര്‍ത്ത കുറ്റവാളികളെ വെറുതെ വിട്ടിരുന്നു. ഇപ്പോള്‍ മഥുരയിലെ ഈദ് ഗാഹ് മസ്ജിദിനെതിരേയുള്ള കെട്ടുകഥ കേള്‍ക്കാന്‍ കോടതി അംഗീകാരവും നല്‍കിയിരിക്കുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് കോടതികളും ഭരണകൂടത്തിന്റെ അടിമകളായിയിരിക്കുന്നു എന്നാണ്.
കോടതിയുടെ ഈ നീക്കത്തെ സംഘടന ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. ആരാധനാലയങ്ങള്‍ക്കു മേല്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രീയം കളിക്കുന്ന, നിയമവിരുദ്ധവും അന്യായവുമായ ഈ കേസ് തള്ളണമെന്നും ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. മസ്ജിദിനു മേല്‍ പൊള്ളയായ അവകാശവാദം ഉന്നയിച്ച് അന്യായമായി പിടിച്ചെടുക്കാനും മതസൗഹാര്‍ദ്ദം തകര്‍ക്കാനും ശ്രമിക്കുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണം. ഇത്തരം ഭീഷണികളെ ഒരു തരത്തിലും മുസ് ലിംകള്‍ അംഗീകരിക്കില്ല. മുസ് ലിം സമുദായം ഇക്കാര്യത്തില്‍ നിശ്ശബ്ദരാവുകയുമില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Madhura Eid gah Masjid: Will become a nationwide agitation-All India Imams Council