സിഎഎയ്‌ക്കെതിരേ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രമേയം പാസാക്കി; നിയമത്തെ വിമര്‍ശിച്ച് ബിജെപി എംഎല്‍എയും

Update: 2020-02-05 15:10 GMT

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരേ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രമേയം പാസാക്കി. പുതിയ നിയമം ഭരണഘടനയുടെ അടിസ്ഥാന മനോഭാവത്തിനും സ്വഭാവത്തിനും വിരുദ്ധമാണെന്നും അതിനാല്‍ സിഎഎ 2019 പിന്‍വലിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുകയാണെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം പബ്ലിക് റിലേഷന്‍സ് മന്ത്രി പി സി ശര്‍മ പറഞ്ഞു. നേരത്തേ കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നിവയുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ സിഎഎയ്‌ക്കെതിരേ പ്രമേയം പാസ്സാക്കിയിരുന്നു.

    അതിനിടെ, ബിജെപി നേതാവ് അജിത് ബോരാസിയും സിഎഎയെ വിമര്‍ശിച്ച് രംഗത്തെത്തി. കഴിഞ്ഞ മാസം ത്രിപാഠിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മൈഹര്‍ നാരായണനും പൗരത്വ ഭേദഗതി നിയമത്തിനെതിരേ രംഗത്തെത്തിയിരുന്നു. മുന്‍ കോണ്‍ഗ്രസ് എംപി പ്രേംചന്ദ് ഗുഡ്ഡുവിന്റെ മകനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജയ്‌നിലെ അലോട്ടില്‍ നിന്ന് മല്‍സരിച്ച ബിജെപി നേതാവുമായ അജിത് ബോറാസി സിഎഎയെ രൂക്ഷമായാണ് വിമര്‍ശിച്ചത്.

    'എന്‍ആര്‍സിയും സിഎഎയും മുസ്‌ലിംകളെ മാത്രമല്ല, പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒബിസി എന്നിവയെയും ബാധിക്കുമെന്നും അത് പിന്നീട് നിങ്ങള്‍ക്ക് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രേംചന്ദ് ഗുഡ്ഡുവും മകന്‍ അജിത് ബോറാസിയും ബിജെപിയില്‍ ചേര്‍ന്നത്. സിഎഎ വിരുദ്ധ വികാരം ശക്തമായതോടെ മധ്യപ്രദേശില്‍ ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകരായ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു.



Tags:    

Similar News