വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സംവരണവുമായി മധ്യപ്രദേശും

സംസ്ഥാന ജലവിഭവ മന്ത്രി ഹുകും സിംഗ് കാരഡയാണ് സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന സൂചന നല്‍കിയത്.

Update: 2020-02-29 12:13 GMT

ഭോപ്പാല്‍: മഹാരാഷ്ട്രക്ക് ശേഷം കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാറും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. സംസ്ഥാന ജലവിഭവ മന്ത്രി ഹുകും സിംഗ് കാരഡയാണ് സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന സൂചന നല്‍കിയത്. 'ഞങ്ങളും ന്യൂനപക്ഷങ്ങള്‍ക്കായി വിശദമായ അജണ്ട തയ്യാറാക്കുന്നു. ഭാവിയില്‍ മഹാരാഷ്ട്ര പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ നല്‍കുമെന്ന് നിങ്ങള്‍ക്ക് കാണാനാവും. ഒരു പ്രഖ്യാപനവും നടത്താന്‍ എനിക്ക് അധികാരമില്ലാത്തതിനാല്‍ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയില്ല, പക്ഷേ അത് മഹാരാഷ്ട്രയേക്കാള്‍ കൂടുതലാണെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും' എന്നായിരുന്നു അഗര്‍മാല്‍വ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ കാരഡ പറഞ്ഞത്. മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും പ്രതികരിച്ചു.

മുസ്‌ലിം സംവരണത്തിനെതിരേ വര്‍ഗ്ഗീയപരമായ ആരോപണങ്ങളോടെ ബി.ജെ.പി രംഗത്തിറങ്ങിയിട്ടുണ്ട്. 'ഒടുവില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിന്റെ യഥാര്‍ത്ഥ നിറം കാണിക്കുന്നു. മുസ്‌ലിം പുരോഹിതരുടെ ഓണറേറിയം ഇരട്ടിയാക്കിയതിനു തൊട്ടുപിന്നാലെ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് സംവരണം അനുവദിക്കാന്‍ പദ്ധതിയിടുന്നു, ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. മുസ്‌ലിംകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സംവരണം ഏര്‍പ്പെടുത്തുന്നതിനെ ഞങ്ങള്‍ എതിര്‍ക്കും' എന്നായിരുന്നു സംസ്ഥാന ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനായി ഉടന്‍ നിയമം നടപ്പാക്കുമെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ശതമാനം സംവരണം അനുവദിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ മുന്‍ ശിവസേന സര്‍ക്കാര്‍ അത് നടപ്പാക്കിയിരുന്നില്ല.




Tags:    

Similar News