'എന്റെ പേര് തന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ച'; രോഹിത് വെമുലയെ ഓര്‍മിപ്പിച്ച് ഫാത്തിമയുടെ വാക്കുകള്‍

'ഭയം കാരണം എന്റെ മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു' എന്ന ഫാത്തിമയുടെ ഉമ്മയുടെ വാക്കുകള്‍ രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ ഉള്‍പ്പെടെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ നേര്‍സാക്ഷ്യമാണ്. എല്ലാം യാദൃശ്ചികമാണെന്ന് ധരിച്ചുകളയരുത്. വിധിയെന്ന് കരുതി സമാധാനിച്ചുകളയരുത്. ഒരു 'വിധിയും' യാദൃശ്ചികമല്ല.

Update: 2019-11-13 10:45 GMT

മദ്രാസ് ഐഐടിയിലെ ഒന്നാംവര്‍ഷ എംഎ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത് അധ്യാപകരില്‍നിന്ന് നേരിട്ട നിരന്തരമായ മാനസികപീഡനങ്ങളെത്തുടര്‍ന്നാണെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. പഠിപ്പിച്ച അധ്യാപകരുടെ പേരുകളടങ്ങിയ കുറിപ്പ് വിദ്യാര്‍ഥിനിയുടെ ഫോണില്‍നിന്ന് ലഭിച്ചതോടെയാണ് കോളജില്‍ അനുഭവിച്ച വിവേചനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 'എന്റെ പേര് തന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ച' എന്ന് ഫാത്തിമ പിതാവിനോട് പറഞ്ഞ വാക്കുകളും 'ഭയം കാരണം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു' എന്ന ഉമ്മയുടെ വാക്കുകളുമാണ് സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുന്നത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ജിഫാസ് (ജിപ്പൂസ് ജാം) തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളില്‍നിന്ന്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോഴിക്കോട്: മദ്രാസ് ഐഐടിയില്‍ ആത്മഹത്യചെയ്ത ഒന്നാംവര്‍ഷ എംഎ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ജീവിതം അവസാനിപ്പിക്കുന്നതിനു മുമ്പ് അവളുടെ വാപ്പയോട് പറഞ്ഞ വാക്കുകളാണ്. ഒരു മുസ്‌ലിം പെണ്‍കുട്ടി ക്ലാസില്‍ ഒന്നാമതാവുന്നത് അവിടുത്തെ അധ്യാപകരില്‍ ചിലര്‍ക്ക് സഹിക്കാവുന്ന ഒന്നായിരുന്നില്ലത്രെ. സുദര്‍ശന്‍ പത്മനാഭന്‍ എന്ന വര്‍ഗീയവാദിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് വ്യക്തമായ സൂചനയും ഫാത്തിമ നല്‍കുന്നുണ്ട്. ഐഐടി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായിരുന്നു ഫാത്തിമ. അവളുടെ പുസ്തശേഖരം, വായന, പഠനമികവ്, ചെറുപ്രായത്തില്‍തന്നെ ലോകത്തെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട്.. ഫാത്തിമ എന്ന വിസ്മയത്തെ ദുരന്തം അറിഞ്ഞ അധ്യാപകരും കുടുംബാംഗങ്ങളും വേദനയോടെ സ്മരിക്കുന്നത് കാണുന്നുണ്ട്. കൊന്നു കളഞ്ഞല്ലോടാ...

കാള്‍സാഗനെ പോലെയാവാന്‍ കൊതിച്ച് അവസാനം നിഴലുകളില്‍നിന്നും നക്ഷത്രങ്ങളിലേക്ക് പറന്നുപോയ ഒരുവനെ ഓര്‍ക്കുന്നില്ലേ നിങ്ങള്‍! 'എന്റെ പേരുതന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ച' എന്ന കൊല്ലത്തുകാരി ഫാത്തിമയുടെ ഉള്ളുലയ്ക്കുന്ന വാക്കുകള്‍ 'എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം' എന്ന രോഹിത് വെമുലയുടെ പൊള്ളുന്ന വാക്കുകളെയാണ് ഓര്‍മിപ്പിക്കുന്നത്. നമ്മുടെ മക്കളെ കൊന്നുതിന്നുകയാണവര്‍. ദലിത്, പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങളെ ഉന്നതവിദ്യാലയങ്ങളില്‍നിന്ന് ആട്ടിയകറ്റുകയാണവര്‍. വേദംകേട്ട ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ച് കൊന്നിരുന്ന അതേ പ്രത്യയശാസ്ത്രം തന്നെയാണവരെ നയിക്കുന്നത്.

'ഭയം കാരണം എന്റെ മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു' എന്ന ഫാത്തിമയുടെ ഉമ്മയുടെ വാക്കുകള്‍ രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ ഉള്‍പ്പെടെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ നേര്‍സാക്ഷ്യമാണ്. എല്ലാം യാദൃശ്ചികമാണെന്ന് ധരിച്ചുകളയരുത്. വിധിയെന്ന് കരുതി സമാധാനിച്ചുകളയരുത്. ഒരു 'വിധിയും' യാദൃശ്ചികമല്ല. കശ്മീരില്‍ അമ്പലത്തിലിട്ട് ഒരു കുഞ്ഞുമോളെ ദിവസങ്ങളോളം പീഡിപ്പിച്ച് കൊന്നുതിന്നവന്‍മാരും ഫാത്തിമയുടെ കൊലക്കുത്തരവാദികളായവരും ഒരേ വംശാവലിയിലെ ഒരേ മനോഗതിപേറുന്ന കണ്ണികളാണ്.

പൊട്ടന്‍ഷ്യല്‍ വംശീയഭീകരര്‍. ഇത് ആത്മഹത്യയല്ല. ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊലയാണ്. ഫാത്തിമ അവളുടെ ഫോണില്‍ നോട്ട് പേഡില്‍ പേരെടുത്ത് പറഞ്ഞ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കാര, മിലിന്ദ് ബ്രാഹ്മി എന്നീ വംശീയവാദികള്‍ക്കെതിരേ നരഹത്യയ്ക്ക് കേസെടുക്കേണ്ടതുണ്ട്. ഫാത്തിമയെ അല്ലാഹു സ്വീകരിക്കട്ടെ. അവളുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കട്ടെ. ഫാത്തിമയുടെ കുടുംബത്തിന് നീതിലഭിക്കണം. അവര്‍ തനിച്ചാവാതിരിക്കട്ടെ. 

Tags:    

Similar News