ഓണസദ്യ തികയാത്തതിനെചൊല്ലി തര്‍ക്കം; മഹാരാജാസ് കോളജ് വിദ്യാര്‍ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

കാഷ് കൗണ്ടറില്‍ സൂക്ഷിച്ച 20,000ത്തോളം രൂപ മോഷണം പോയതായും ഹോട്ടല്‍ ജീവനക്കാര്‍ ആരോപിച്ചു.

Update: 2019-09-07 09:59 GMT

കൊച്ചി: ഓണ സദ്യ തികയാത്തതിനെചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തെതുടര്‍ന്ന് മഹാരാജാസ് കോളജിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ സ്ത്രീകള്‍ നടത്തുന്ന ഭക്ഷണശാല അടിച്ചുതകര്‍ത്തതായി ആക്ഷേപം. എസ്ആര്‍എം റോഡിലെ പൊതിയന്‍സ് വനിതാഹോട്ടലാണ് 40ഓളം വരുന്ന വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാഷ് കൗണ്ടറില്‍ സൂക്ഷിച്ച 20,000ത്തോളം രൂപ മോഷണം പോയതായും ഹോട്ടല്‍ ജീവനക്കാര്‍ ആരോപിച്ചു.

ആലപ്പുഴ സ്വദേശിനികളായ അഞ്ചു പേര്‍ ചേര്‍ന്ന് നടത്തുന്നതാണ് ഈ ഹോട്ടല്‍. ഹോട്ടലിന് സമീപത്തെ ഹോസ്റ്റല്‍ അന്തേവാസികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ എത്തി കോളജിലെ ഓണാഘോഷത്തോട് അനുബന്ധിച്ച് 50 സദ്യ ഓര്‍ഡര്‍ ചെയ്തിരുന്നു. ഒരു ഇലയ്ക്ക് 90 രൂപ നിരക്കിലായിരുന്നു കരാര്‍ ഉറപ്പിച്ചത്.പിന്നാലെ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി വിവിധ ഡിപ്പാര്‍ട്ട്‌മെന്റിലേക്കായി 540 സദ്യ കൂടി ഓര്‍ഡര്‍ ചെയ്തു. ഇത്രയും ഊണ് ഇത്ര ചെറിയ തുകയ്ക്ക് നല്‍കുന്നത് നഷ്ടമാണെങ്കിലും സ്ഥിരം സന്ദര്‍ശകരായ വിദ്യാര്‍ഥികളെ നിരാശപ്പെടുത്തേണ്ട എന്നു കരുതി ഓര്‍ഡര്‍ സ്വീകരിച്ചു. ഇതനുസരിച്ച് പന്ത്രണ്ടരയോടെ ഹോട്ടലില്‍ നിന്നു സദ്യ വിദ്യാര്‍ഥികള്‍ കൊണ്ടുപോയി. എന്നാല്‍, ഉച്ചയോടെ ഒരു സംഘം വിദ്യാര്‍ഥികള്‍ തിരിച്ചെത്തി സദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് ബഹളം വച്ചു. ഇതിനിടെ സംഘം കടയുടെ ഗ്ലാസുകളും ബോര്‍ഡുകളും ഭക്ഷണസാധനങ്ങളും പാത്രങ്ങളും

എറിഞ്ഞുതകര്‍ത്തതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. കാഷ് കൗണ്ടര്‍ തകര്‍ത്ത് 20,000 രൂപയും എടുത്തുകൊണ്ടുപോയി. എസ്എഫ്‌ഐക്കാരാണ്, തങ്ങള്‍ എന്തുംചെയ്യും എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്നും ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നു.

പരാതി നല്‍കാന്‍ പോലിസ് സ്‌റ്റേഷനിലെത്തിയതോടെ, ഹോട്ടല്‍ അസോസിയേഷനുകള്‍ ഇടപെടുകയും നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തതിനാല്‍ പരാതി നല്‍കാതെ മടങ്ങിയിരുന്നു. എന്നാല്‍ രാത്രി പാത്രങ്ങള്‍ തിരികെ എടുക്കാന്‍ ചെന്നപ്പോള്‍ നല്‍കിയില്ലെന്നും വാഹനം അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ജീവനക്കാരിയായ ശ്രീകല പറയുന്നു. വിദ്യാര്‍ത്ഥികളുടെ അതിക്രമത്തിനെതിരെ ഇന്ന് പോലിസില്‍ പരാതി നല്‍കുമെന്നും ശ്രീകല അറിയിച്ചു.

അതേസമയം, ഹോട്ടലുകാര്‍ ഓര്‍ഡര്‍ ചെയ്തത് അനുസരിച്ച് ഭക്ഷണം നല്‍കാതെ വഞ്ചിച്ചെന്നും മോശം ഭക്ഷണമാണ് നല്‍കിയതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

Tags:    

Similar News