ഫ്രറ്റേണിറ്റി പ്രവര്‍ത്തകന് ആംബുലന്‍സിലും എസ്എഫ്‌ഐ മര്‍ദ്ദനം; മഹാരാജാസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

Update: 2024-01-18 12:40 GMT

കൊച്ചി: എസ്എഫ് ഐ-ഫ്രറ്റേണിറ്റി-കെഎസ് യു സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാജാസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി നാസര്‍ അബ്ദുര്‍റഹ്മാന് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ കോളജിനു സമീപത്ത് കുത്തേറ്റതിനു പിന്നാലെയാണ് സംഘഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കോളജ് അടച്ചിട്ടത്. ആക്രമണത്തിനു പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. പിന്നാലെ 15ഓളം ഫ്രറ്റേണിറ്റ്-കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുകയും ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. നാടക പരിശീലനത്തിനിടെയുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അതിനിടെ, ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെ എസ്എഫ്‌ഐക്കാര്‍ ആംബുലസില്‍ കയറിയും ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയും മര്‍ദ്ദിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ബിലാലിനെയാണ് മര്‍ദ്ദിച്ചത്. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജനറല്‍ ആശുപത്രിയുടെ ചില്ലുകളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുപതോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളില്‍ കയറിയാണ് മര്‍ദിച്ചത്. ഇതിനുശേഷം ആംബുലന്‍സിനുള്ളില്‍ വച്ചും ബിലാലിന് മര്‍ദനമേറ്റു. അകത്തുകയറുന്നത് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതോടെയാണ് ജനല്‍ച്ചില്ലുകളും മറ്റും തകര്‍ത്തത്. കമ്പിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു മര്‍ദനം.

Tags:    

Similar News