ഇസ്രായേല്‍ കമ്പനിയുടെ മദ്യക്കുപ്പിയില്‍ ഗാന്ധി ചിത്രം ഉപയോഗിച്ചത് വിവാദത്തില്‍

കറുത്ത കൂളിങ് ഗ്ലാസ് ധരിച്ച് ഓവര്‍കോട്ടും ടീഷര്‍ട്ടും ധരിച്ച വിധത്തില്‍ പരിഹാസ്യമായാണ് ഗാന്ധിജിയുടെ ചിത്രം നല്‍കിയിട്ടുള്ളത്

Update: 2019-07-03 07:34 GMT

ടെല്‍ അവീവ്: ഇസ്രായേല്‍ ആസ്ഥാനമായുള്ള മദ്യക്കമ്പനിയുടെ കുപ്പിയില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ഉപയോഗിച്ചത് വിവാദത്തില്‍. മകാ ബ്രെവറി എന്ന ഇസ്രായേല്‍ കമ്പനിയാണ് ഗാന്ധിജിയെ അപമാനിക്കുന്ന വിധത്തില്‍ മദ്യക്കുപ്പിയില്‍ അദ്ദേഹത്തിന്റെ ചിത്രം നല്‍കിയത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നിര്‍മാതാക്കളോട് ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരഥന്‍മാരെ അപമാനിക്കുന്ന വിധത്തില്‍ മദ്യക്കുപ്പികളില്‍ ചിത്രം പതിച്ചതിനെതിരേ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹാത്മാ ഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഇരു പ്രധാനമന്ത്രിമാര്‍ക്കും ഞായറാഴ്ച കത്തയച്ചിരുന്നു. സംഭവത്തെ അനുചിതമെന്നു വിശേഷിപ്പിച്ച എബി ജെ ജോസ്, ബിയര്‍ കുപ്പിയില്‍ ഉപയോഗിച്ച ഗാന്ധി ചിത്രം രൂപകല്‍പ്പന ചെയ്തത് ടെല്‍ അവീവിലെ 13 അബുലാഫിയ സ്ട്രീറ്റിലെ ഹിപ്‌സ്റ്റോറി എന്ന ഡിസൈനിങ് സ്ഥാപനത്തിലെ അമിത് ഷിമോനി എന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.

    കറുത്ത കൂളിങ് ഗ്ലാസ് ധരിച്ച് ഓവര്‍കോട്ടും ടീഷര്‍ട്ടും ധരിച്ച വിധത്തില്‍ പരിഹാസ്യമായാണ് ഗാന്ധിജിയുടെ ചിത്രം നല്‍കിയിട്ടുള്ളത്. ഒബാമ, ദലൈലാമ തുടങ്ങി ആറുപേരുള്ള ചിത്രത്തിനു 132 ഡോളറാണ് വിലയെങ്കിലും 85 അമേരിക്കന്‍ ഡോളറിനാണു വില്‍പ്പന നടത്തിയിട്ടുള്ളത്.

  


  ഗാന്ധിജിയുടേത് ഉള്‍പ്പെടെയുള്ള ചരിത്രത്തില്‍ ഇടംപിടിച്ച പല പ്രമുഖരുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ ഹാസ്യ രൂപേണ കമ്പനിയുടെ വെബ്‌സൈറ്റായ hipstoryart.com ലുണ്ട്. പാബ്ലോ പിക്കാസോ, ഡോണള്‍ഡ് ട്രംപ്, നെല്‍സണ്‍ മണ്ഡേല, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, എബ്രഹാം ലിങ്കണ്‍, ഡീഗോ മറഡോണ, എലിസബത്ത് രാജ്ഞി, ജസ്റ്റിന്‍ ട്രൂഡോ, അഞ്ജലീന മാര്‍ക്കല്‍, ബറാക് ഒബാമ, ചെഗുവേര തുടങ്ങി നിരവധി പേരുടെ ഹാസ്യ ചിത്രങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. മദ്യക്കുപ്പികളില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും ഗാന്ധിജിയുടെ ചിത്രങ്ങള്‍ ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നരേന്ദ്രമോദിയും നെതന്യാഹുവും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. അഹിംസയുടെ പിതാവെന്ന് അറിയപ്പെടുന്ന മഹാത്മാ ഗാന്ധി ലഹരി ഉപയോഗത്തിനെതിരേ ശക്തമായ നിലപാടെടുത്ത നേതാവായിരുന്നു. രാജ്യത്തിന്റെ അധികാരം ലഭിച്ചാല്‍ ലഹരിയും മദ്യവും രാജ്യത്ത് നിരോധിക്കുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും എബി ജെ ജോസ് പറഞ്ഞു.




Tags:    

Similar News