മഹാത്മാഗാന്ധിക്കെതിരായ വിവാദ പരാമര്‍ശം: കങ്കണയ്‌ക്കെതിരേ പോലിസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

Update: 2021-11-18 19:08 GMT

ഗുവാഹത്തി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും സ്വാതന്ത്ര്യസമരത്തെയും കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരേ അസമിലെ കോണ്‍ഗ്രസ് നേതൃത്വം പോലിസില്‍ പരാതി നല്‍കി. നടിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഗുവാഹത്തിയിലെ ദിസ്പൂര്‍ പോലിസ് സ്‌റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയിലെ ആവശ്യം. 1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ അവര്‍ അപമാനിച്ചു.

അസമിലെയും രാജ്യത്തെയും സ്വാതന്ത്ര്യസമരസേനാനികളെ അപഹസിക്കുന്നതാണ് നടിയുടെ പരാമര്‍ശം. ഇത് രക്തസാക്ഷികളോടുള്ള കടുത്ത അവഹേളനവും രാജ്യദ്രോഹപരമായ പ്രസ്താവനയുമാണ്. അതിനാല്‍, നടിക്കെതിരേ രാജ്യദ്രോഹ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിയില്‍ പോലിസിനോട് ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യം ഓരോ ഇന്ത്യക്കാരന്റെയും ജന്‍മാവകാശമാണ്. മഹാത്മാഗാന്ധി ഉള്‍പ്പെടെ ആയിരക്കണക്കിന് രക്തസാക്ഷികളുടെ ത്യാഗം മൂലമാണ് ഇത് നേടിയെടുത്തത്.

റണാവത്തിന്റെ പ്രസ്താവനകള്‍ ഇന്ത്യന്‍ ജനതയെ വ്രണപ്പെടുത്തിയെന്നും അസമിലെയും ഇന്ത്യയിലെയും സ്വാതന്ത്ര്യസമര സേനാനികളെ അനാദരിച്ചെന്നും പാര്‍ട്ടി ആരോപിച്ചു. എന്നാല്‍, നടിക്കെതിരേ പോലിസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 2014 ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷമാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് നടി കഴിഞ്ഞദിവസം പറഞ്ഞത്. 1947ലെ ഇന്ത്യയുടെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാരുടെ ഭിക്ഷ ആയിരുന്നു. സുഭാഷ് ചന്ദ്രബോസിനും ഭഗത് സിങ്ങിനും മഹാത്മാഗാന്ധിയില്‍നിന്ന് പിന്തുണ ലഭിച്ചില്ല. അദ്ദേഹത്തിന്റെ 'അഹിംസ' എന്ന മന്ത്രത്തെ അവര്‍ പരിഹസിച്ചു.

Tags:    

Similar News