ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെ ജാമ്യത്തില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ബംഗളൂരുവിലെ ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് മഅ്ദനിയെ പക്ഷാഘാതവും മറ്റ് അനുബന്ധ അസുഖങ്ങളെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധചികില്‍സകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
അന്ന് പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നില്ലെങ്കിലും ദീര്‍ഘനാളായി നിരവധി രോഗങ്ങള്‍ക്ക് ചികില്‍സയിലുള്ള മഅ്ദനിയുടെ ആരോഗ്യത്തെ അത് സാരമായി ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. രണ്ടാഴ്ചക്കാലത്തെ ആശുപത്രി വാസത്തിന് ശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ബംഗളൂരുവിലെ വസതിയില്‍ ചികില്‍സകള്‍ തുടര്‍ന്നുവരികയായിരുന്നു. അതിനിടയിലാണ് മുമ്പുണ്ടായിരുന്നതിന് സമാനമായ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കി. വിദഗ്ധഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ചികില്‍സകള്‍ തുടരുന്നു. ദീര്‍ഘകാലങ്ങളായി ഉയര്‍ന്ന അളവില്‍ തുടരുന്ന പ്രമേഹവും രക്തസമ്മര്‍ദവും മഅ്ദനിയുടെ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രിയാറ്റിന്റെ അളവ് വളരെ ഉയര്‍ന്നുതന്നെ തുടരുന്ന സാഹചര്യത്തില്‍ മുഴുവന്‍ സമയവും ശക്തമായ തണുപ്പ് ശരീരത്തില്‍ അനുഭവപ്പെടുന്നുണ്ട്.
കണ്ണിന്റെ കാഴ്ച കുറയുകയും ശരീരം കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്യുന്നുണ്ട്. ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ ഞരമ്പുകള്‍ക്ക് സംഭവിച്ച ബലക്ഷയം മൂലം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകരമുള്ള ചികില്‍സകള്‍ വേണ്ടവണ്ണം ഫലപ്രദമാവാത്ത അവസ്ഥയും തുടരുന്നുണ്ടെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.