മഅ്ദനിയുടെ ചികില്‍സ: കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി ആവശ്യപ്പെടും- എം വി ഗോവിന്ദന്‍
തിരൂര്‍: അബ്ദുന്നാസര്‍ മഅ്ദനിക്ക് ചികില്‍സ നല്‍കുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി ആവശ്യപ്പെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് തിരൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസമുള്ളവര്‍ക്കും ഫലപ്രദമായ ചികില്‍സയ്ക്ക് അര്‍ഹതയുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരുതവണ ഇടപെട്ടിരുന്നു.
മഅ്ദനിക്ക് അടിയന്തിരമായി വിദഗ്ധചികില്‍സ ലഭിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ ഇടപെടലും പാര്‍ട്ടി നടത്തും. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഇനിയും പാര്‍ട്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. കര്‍ണാടക സര്‍ക്കാരാണ് ഈ വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായി സിപിഎം വെടിനിര്‍ത്തലിനില്ല. അവരെ വിമര്‍ശിക്കുന്നത് തുടരുക തന്നെ ചെയ്യും. ഇന്ത്യന്‍ മുസ് ലിംകളുടെ കാര്യം പറയാന്‍ ജമാഅത്തെ ഇസ് ലാമിക്ക് അര്‍ഹതയില്ല. വലിയ കാര്യങ്ങള്‍ പറയാന്‍ അവരെ ആരാണ് ചുമതലപ്പെടുത്തിയത്. ജമാഅത്തെ ഇസ് ലാമി- ആര്‍എസ്എസ് ചര്‍ച്ചയെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നില്ല.
പാലക്കാട് മുതലമട പഞ്ചായത്തില്‍ കോണ്‍ഗ്രസ്- ബിജെപി ഒരുമിച്ചുനിന്നാണ് ഇടത് ഭരണം അട്ടിമറിച്ചത്. ഇതിന്റെ അര്‍ഥം കോണ്‍ഗ്രസ്- ബിജെപി അന്തര്‍ധാര സജീവമാണെന്നാണെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. മുസ് ലിം ലീഗിനെ എല്‍ഡിഎഫിലെടുക്കുന്നകാര്യം ഇപ്പോള്‍ അജണ്ടയിലില്ല. നാടിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്്കകും ഉതകുന്ന രീതിയില്‍ ലീഗ് അവരുടെ നിലപാടുകളും നയങ്ങളും തിരുത്തിയെഴുതണം. അപ്പോള്‍ മാത്രമേ ഇക്കാര്യം സിപിഎം ആലോചിക്കുകയുള്ളൂ.
സിപിഎം മതനിരാസ പാര്‍ട്ടിയാണെന്ന ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ അഭിപ്രായം ലീഗിലെ പലരും അംഗീകരിക്കുന്നില്ല. ലീഗില്‍ രണ്ട് വിഭിന്നധാരകളുണ്ടെന്ന് വേണം കരുതാന്‍. എങ്കിലും ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറയാന്‍ തയ്യാറല്ലെന്നും എം വി ഗോവിനന്ദന്‍ വ്യക്തമാക്കി. കേരളത്തിലെ സര്‍വകലാശാലകളെ പ്രതിസന്ധിയിലാക്കാനാണ് ഗവര്‍ണര്‍ ഇല്ലാത്ത അധികാരമുപയോഗിച്ച് ശ്രമിക്കുന്നത്. ജാഥയില്‍ കോണ്‍ഗ്രസ്, ലീഗ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സിപിഎമ്മില്‍ ചേരുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.