ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വില്‍ കാട്ടു തീ പടരുന്നു; നൂറുകണക്കിന് ഹെക്ടര്‍ കത്തി നശിച്ചു (വീഡിയോ)
അഗ്നി ശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍ക്കാട്ടിലേക്കും ടൈഗര്‍ റിസര്‍വ്വിന്റെ കോര്‍മേഖലയിലേക്കും എത്തിപ്പെടാന്‍ സാധിക്കാത്തത് തീ അണക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്.
വയനാട്: കര്‍ണാടക-കേരള അതിര്‍ത്തിയിലുള്ള ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വില്‍ കാട്ടു തീ പടരുന്നു. ജൈവ സമ്പന്ന മേഖലയിലെ നൂറുകണക്കിന് ഏക്കര്‍ വനഭൂമി കത്തി നശിച്ചു. ചൊവ്വാഴ്ച്ച ചെറിയ തോതില്‍ കത്തി തുടങ്ങിയ കാട്ടു തീ ശനിയാഴ്ച്ച പടര്‍ന്നു പിടിക്കുകയായിരുന്നു. വേനല്‍ ചൂടി കനത്തതോടെ കാട്ടു തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജീവ ജാലങ്ങളും വന്‍ മരങ്ങളുമടക്കം നൂറുകണക്കിന് ഏക്കര്‍ വനം അഗ്നിക്കിരയായി. കറുത്ത പുക ഉയര്‍ന്നതോടെ മണിക്കൂറുകളോളം ബന്ദിപ്പൂര്‍-വയനാട് റൂട്ടിലുള്ള ഗതാഗതവും തടസ്സപ്പെട്ടു. കുണ്ടകര, ബന്ദിപ്പൂര്‍, ഗോപാല സ്വാമി ബെട്ട റേഞ്ചുകളിലേക്ക് തീ പടര്‍ന്നതായി കര്‍ണാടക വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കടുത്ത ചൂടും ശക്തമായ കാറ്റും കാട്ടുതീ അതിവേഗത്തില്‍ വ്യാപിക്കാന്‍ ഇടയാക്കിയതായി അധികൃതര്‍ പറയുന്നു. 'അഗ്നി ശമന സേനയും വനംവകുപ്പ് അധികൃതരും രാവും പകലും കാട്ടു തീ അണക്കാനുള്ള തീവ്ര ശ്രമത്തിലാണ്. വനത്തിനും വന്യജീവികള്‍ക്കും ഉണ്ടായ നാശനഷ്ടം കണക്കാക്കാന്‍ സാധിച്ചിട്ടില്ല'. മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തീ നിയന്ത്രിക്കാന്‍ രണ്ട് ദിവസം എടുക്കുമെന്നും വനത്തിന് പുറത്തേക്ക് തീ പടരുന്നത് തടയാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് വനംവകുപ്പ്-അഗ്നി ശമന സേനാ ഉദ്യോഗസ്ഥരും ആദിവാസികളടക്കമുള്ള പ്രദേശവാസികളും തീ അണക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്. അഗ്നി ശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍ക്കാട്ടിലേക്കും ടൈഗര്‍ റിസര്‍വ്വിന്റെ കോര്‍മേഖലയിലേക്കും എത്തിപ്പെടാന്‍ സാധിക്കാത്തത് തീ അണക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. കാട്ടു തീ കോര്‍ ഏരിയയിലേക്ക് കടന്നതോടെ ടൈഗര്‍ റിസര്‍വ്വിന് വലിയ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഉരകങ്ങളുടെ പ്രജനന കാലമായധിനാല്‍ ജീവജാലങ്ങള്‍ മണ്ണില്‍ തന്നെ കൂടുണ്ടാക്കി തുടങ്ങിയിട്ടുണ്ട്. കാട്ടു തീ പടര്‍ന്നതോടെ ഇത്തരം ജീവജാലങ്ങള്‍ക്ക് വലിയ നാശമാണ് ഉണ്ടാകുകയെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
'വയനാട് വന്യജീവി സങ്കേതത്തിനോട് ചേര്‍ന്നുള്ള ടൈഗര്‍ റിസര്‍വ്വിലാണ് തീ പടരുന്നത്. ടൂറുസം മേഖലയേയും ഇത് ബാധിച്ചിട്ടുണ്ട്. വേനല്‍ കാലങ്ങളിലുള്ള ഇത്തരം കാട്ടു തീ തടയാന്‍ മൂന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ ആവശ്യമാണ്.' പരിസ്ഥിതി പ്രവര്‍ത്തകര്‍ ജോസഫ് ഹൂവര്‍ പറഞ്ഞു. 87000 ഹെക്ടറില്‍ പരന്നു കിടക്കുന്ന ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വ് രാജ്യത്തെ പ്രധാന ജൈവ സമ്പന്ന മേഖലയാണ്. കാട്ടു തീ ബന്ദിപ്പൂരിന്റെ ജൈവ സമ്പത്തിന് വലിയ ഭീഷണി ഉയര്‍ത്തുകയാണ്.