മലപ്പുറം പോലിസില്‍ അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി, ഡിവൈഎസ്പിമാരെയും നീക്കും

Update: 2024-09-10 15:43 GMT

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്കു പിന്നാലെ മലപ്പുറം പോലിസില്‍ അഴിച്ചുപണി. മലപ്പുറം എസ്പി എസ് ശശിധരനെ മാറ്റി. ജില്ലയിലെ ഡിവൈഎസ് പിമാരെയും സ്ഥലം മാറ്റുന്നുണ്ട്. പരാതിക്കാരിയെ ബലാല്‍സംഗം ചെയ്‌തെന്ന് പരാതിയില്‍ ആരോപണവിധേയനായ താനൂര്‍ ഡിവൈഎസ് പി വി വി ബെന്നിയെ കോഴിക്കോട് റൂറലിലേക്കു സ്ഥലം മാറ്റി. ഡിവൈഎസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും മാറ്റിട്ടുണ്ട്. നേരത്തേ, മരംമുറി വിവാദത്തില്‍ മലപ്പുറത്തെ നിലവിലുള്ള എസ് പി ശശിധരനെതിരേ ആരോപണമുന്നയിച്ചുകൊണ്ടാണ് പി വി അന്‍വര്‍ വെളിപ്പെടുത്തലുകള്‍ക്ക് തുടക്കമിട്ടത്. ഇതിനിടെയാണ് എസ് പി ഓഫിസ് ക്യാംപിലെ മരംമുറിയില്‍ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം മുന്‍ എസ് പി സുജിത്ത് ദാസ് പി വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായത്.

    പിന്നാലെ സംസ്ഥാന പോലിസിലെ എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേയും ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. ആളെകൊല്ലുന്നു, സ്വര്‍ണക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിനിടെയാണ് ആര്‍എസ്എസ് നേതാക്കളുമായുള്ള രഹസ്യചര്‍ച്ചകളും പുറത്തായത്. ഫോണ്‍ വിവാദത്തിനു പിന്നാലെ പത്തനംതിട്ട ജില്ലാ പോലിസ് മേധാവി സ്ഥാനത്തുനിന്ന് എസ് സുജിത് ദാസിനെ സസ്‌പെന്റ് ചെയ്തു. പൊടുന്നനെയാണ് മലപ്പുറം എസ് പി എസ് ശശിധരനെതിരേ വിവിധ തലങ്ങളില്‍നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നത്. മുസ് ലിം ഭൂരിപക്ഷ ജില്ലയെ ക്രിമിനല്‍ ജില്ലയാക്കി മാറ്റാന്‍ കേസുകളില്‍ വന്‍ വര്‍ധനവുണ്ടാക്കുക, ഒരു കേസില്‍ തന്നെ രണ്ടു പ്രതികളുണ്ടെങ്കില്‍ രണ്ട് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യുക, പ്രതിഷേധപ്രകടനത്തിന്റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ വ്യാപകമായും വിവേചനപരമായും ചുമത്തുക തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇതിനെതിരേ വിവിധ ഭാഗത്തുനിന്ന് വ്യാപക പരാതികളും പ്രതിഷേധവും ശക്തമായതോടെയാണ് ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെയുള്ളവരെ കൂട്ടത്തോടെ മാറ്റിയത്. എന്നാല്‍, എഡിജിപി അജിത്ത് കുമാറിനെതിരേ യാതൊരു നടപടിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ തയ്യാറായിട്ടില്ല.

Tags:    

Similar News