പേരാമ്പ്ര അനു കൊലക്കേസ്: പ്രതിയെ നാലുദിവസം പോലിസ് കസ്റ്റഡിയില്‍വിട്ടു

Update: 2024-03-19 08:26 GMT

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസില്‍ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ വിശദമായി ചോദ്യം ചെയ്യലിനായി നാലുദിവസം പോലിസ് കസ്റ്റഡിയില്‍വിട്ടു. പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് തെളിവെടുപ്പിനും മറ്റുമായി കസ്റ്റഡിയില്‍വിട്ടു നല്‍കിയത്. അതിനിടെ, കൊല്ലപ്പെട്ട അനുവിന് പ്രതി ലിഫ്റ്റ് നല്‍കിയ ബൈക്ക് കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍തന്നെ, കസ്റ്റഡി കാലാവധി തീരുന്നതിനു മുമ്പേ മട്ടന്നൂരിലടക്കം പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോവും.

    ഇക്കഴിഞ്ഞ മാര്‍ച്ച് 11നാണ് പേരാമ്പ്ര വാളൂര്‍ സ്വദേശിനിയായ അനുവിനെ ദുരൂഹസാഹചര്യത്തില്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. നടന്നുപോവുകയായിരുന്ന യുവതിയെ മുജീബ് റഹ്മാന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം തോട്ടില്‍ തള്ളിയിട്ട കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായി പ്രതി മുങ്ങി. അന്വേഷണത്തിനിടെയാണ്

    നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുജീബ് റഹ്മാന്‍ ആണ് കൊലയാളിയെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്. മോഷണം, ബലാത്സംഗം ഉള്‍പ്പെടെ 57 കേസുകളില്‍ പ്രതിയായ മുജീബ് നാലുവര്‍ഷം മുമ്പ് മുക്കത്ത് വയോധികയെ ഓട്ടോയില്‍ കയറ്റി ക്രൂരമായി ബലാല്‍സംഗംചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസിലും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഉള്‍പ്പെടെ ജാമ്യത്തിലിറങ്ങി കഴിയുന്നതിനിടെയാണ് അനുവിനെ കൊലപ്പെടുത്തിയത്. മോഷ്ടിച്ച വാഹനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണവും കവര്‍ച്ചയും നടത്തിവന്നിരുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് സ്ത്രീകളെ ഓട്ടോയില്‍ കയറ്റി യാത്രാമധ്യേ ആക്രമിക്കുകയും പീഡിപ്പിക്കുകയും സ്വര്‍ണം കവര്‍ന്ന് വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയുമാണ് ഇയാളുടെ രീതിയെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News