ബംഗാളില്‍ അക്രമം തുടരുന്നു; 12 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്
സമാധാനത്തിന് ആഹ്വാനം ചെയ്ത് മമത ബാനര്‍ജി
സംസ്ഥാനത്തെ തിരഞ്ഞെടുപ്പാനന്തര അക്രമങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപോര്‍ട്ട് തേടിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ബിജെപി സംസ്ഥാന മേധാവി ദിലീപ് ഘോഷിനെയും മമത ബാനര്‍ജിയെയും സന്ദര്‍ശിച്ച ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും അക്രമത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആറ് പാര്‍ട്ടി പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെടുകയും അനുകൂലികളുടെയും പാര്‍ട്ടി ഓഫിസുകളുടെയും വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും തീയിടുകയും ചെയ്തതായി ബിജെപി പറഞ്ഞു. വടക്കന്‍ സിതാല്‍കുച്ചി മുതല്‍ തെക്കന്‍ കൊല്‍ക്കത്ത വരെയാണ് കൊലപാതകമെന്നാണ് ബിജെപിയുടെ വാദം. അതേസമയം, കിഴക്കന്‍ ബര്‍ദ്വാനില്‍ മൂന്നുപേരും ഹൂഗ്ലിയില്‍ ഒരാളും ഉള്‍പ്പെടെ അഞ്ച് അനുയായികള്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടി(ഐഎസ്എഫ്)ലെ ഒരു പ്രവര്‍ത്തകനും ഇടത്-കോണ്‍ഗ്രസ് സംയുക്ത മോര്‍ച്ചയിലെ ഒരാള്‍ തെക്കന്‍ 24 പര്‍ഗാനയിലെ ഭംഗറിലും കൊല്ലപ്പെട്ടു. അതിനിടെ, ബംഗാള്‍ സമാധാനം ഇഷ്ടപ്പെടുന്ന നാടാണെന്നും സമാധാനം നിലനിര്‍ത്തണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ബിജെപിയും സിആര്‍പിഎഫും നിരവധി അക്രമങ്ങള്‍ നടത്തി. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പോലിസിനെ അറിയിക്കുക. പോലിസ് ക്രമസമാധാനം നിയന്ത്രിക്കണമെന്നും അവര്‍ പറഞ്ഞു.
മമത ബാനര്‍ജിയുടെ സമാധാനാഹ്വാനംത്തെ ബിജെപി സംസ്ഥാന മേധാവി ദിലീപ് ഘോഷ് സ്വാഗതം ചെയ്തു. കാര്യങ്ങള്‍ ശാന്തമാകുന്നില്ലെങ്കില്‍ ഞങ്ങള്‍ പ്രതിഷേധവും ധര്‍ണയും നടത്തും. 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 5-6 പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വീടുകളും ഓഫിസുകളും നശിപ്പിക്കപ്പെട്ടു. വിജയത്തിനുശേഷവും തൃണമൂലിന്റെ അക്രമം എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
തൃണമൂല്‍ അക്രമത്തില്‍ കൊല്ലപ്പെട്ടതായി ബിജെപി ആരോപിക്കുന്നവരില്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ജഗദ്ദാലില്‍ സോവ റാണി മൊണ്ടാല്‍ ഉള്‍പ്പെടുന്നു. ഒരു ബൂത്ത് ഏജന്റിന്റെ അമ്മയായിരുന്നു അവര്‍. ടിഎംസി പ്രവര്‍ത്തകര്‍ മകനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടെന്നാണ് ബിജെപി പറയുന്നത്. ഈസ്റ്റ് ബര്‍ദ്ധമാന്‍ ജില്ലയിലെ ജമാല്‍പൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് രണ്ട് തൃണമൂല്‍ കൊല്ലപ്പെട്ടത്. ബിജെപി ശക്തികേന്ദ്രമായ പ്രദേശത്ത് ഇവര്‍ക്ക് മര്‍ദ്ദനമേറ്റതിനു പിന്നാലെയാണ് ആശുപത്രിയില്‍ മരിച്ചത്.
Mamata Banerjee Appeals For Calm After 12 Killed In Post-Poll Violence