മമതക്കെതിരേ മിനി പാകിസ്താന്‍ പ്രയോഗം; ബിജെപി സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ്

Update: 2021-04-09 04:19 GMT

കോല്‍കത്ത: തിരഞ്ഞെടുപ്പിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ്. നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ മത്സരിച്ച സുവേന്ദു, മാര്‍ച്ച് 29നായിരുന്നു വര്‍ഗീയ പ്രസംഗം നടത്തിയത്. രണ്ടാം ഘട്ടത്തിലായിരുന്നു നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് നടന്നത്.

മമതാ ബാനര്‍ജിക്ക് വോട്ട് ചെയ്യുന്നത് മിനി പാകിസ്താന് വേണ്ടി വോട്ട് ചെയ്യുന്നത് പോലെയാണെന്നായിരുന്നു സുവേന്ദു അധികാരി പറഞ്ഞത്. പ്രസംഗത്തിനിടെ മമതയെ 'ബീഗം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിപിഐ (എംഎല്‍)ന്റെ പരാതിയിലാണ് അധികാരിക്കെതിരെ കേസ് എടുത്തത്.

മമതയുടെ വലംകൈയ്യായിരുന്ന സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസിലെ ശക്തനായ നേതാവായിരുന്നു. നന്ദിഗ്രാം സമരത്തില്‍ നേതൃപരമായ പങ്കുവഹിച്ച സുവേന്ദു അധികാരി പിന്നീട് മമതയുമായി ഉടക്കി പാര്‍ട്ടി വിടുകയായിരുന്നു. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ അടുത്ത പോളിങ് ചൊവ്വാഴ്ച്ച നടക്കും. മെയ് രണ്ടിന് ഫലം പുറത്ത് വരും.

Tags:    

Similar News