ഖനി മാഫിയ: ആരോപണം തെളിയിച്ചാല്‍ 42 സ്ഥാനാര്‍ഥികളെയും പിന്‍വലിക്കും- മോദിയെ വെല്ലുവിളിച്ച് മമത

തൃണമൂല്‍ സ്ഥാനാര്‍ഥികളും നേതാക്കളും ഖനി മാഫിയയുടെ കൈകളിലാണെന്നും തൃണമൂല്‍ സ്ഥാനാര്‍ഥികളെല്ലാം കല്‍ക്കരി ഖനി മാഫിയ ആണെന്നും മോദി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് മമത രംഗത്തെത്തിയത്.

Update: 2019-05-09 15:54 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായി മമതാ ബാനര്‍ജി. തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്കെതിരേ ഉന്നയിച്ച 'ഖനി മാഫിയ' ആരോപണം തെളിയിക്കണമെന്നും അല്ലാത്തപക്ഷം മോദി 100 വട്ടം ഏത്തമിടണമെന്നുമാണ് മമത ആവശ്യപ്പെട്ടത്.

ഖനി മാഫിയയുമായി തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്ക് ബന്ധമുണ്ടെന്ന മോദിയുടെ ആരോപണം തെളിയിക്കാന്‍ സാധിച്ചാല്‍ ബംഗാളിലെ 42 സ്ഥാനാര്‍ഥികളെയും താന്‍ പിന്‍വലിക്കുമെന്നും മമത ബാങ്കുരയില്‍ പറഞ്ഞു.

തൃണമൂല്‍ സ്ഥാനാര്‍ഥികളും നേതാക്കളും ഖനി മാഫിയയുടെ കൈകളിലാണെന്നും തൃണമൂല്‍ സ്ഥാനാര്‍ഥികളെല്ലാം കല്‍ക്കരി ഖനി മാഫിയ ആണെന്നും മോദി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് മമത രംഗത്തെത്തിയത്.'ഞാന്‍ മോദിയെ വെല്ലുവിളിക്കുകയാണ്. തൃണമൂലിലെ ആരെങ്കിലും ഖനി മാഫിയയുമായി ബന്ധപ്പെട്ടവരാണെങ്കില്‍ അത് തെളിയിക്കുക. അങ്ങനെ വന്നാല്‍ 42 സ്ഥാനാര്‍ഥികളെയും പിന്‍വലിക്കാം. നിങ്ങള്‍ പറഞ്ഞത് നുണയാണെങ്കില്‍ ജനങ്ങള്‍ക്ക് മുന്നില്‍ നിന്ന് 100 തവണ ഏത്തമിടണമെന്നും

മമത ആവശ്യപ്പെട്ടു.മാഫിയ രാജ് ആണ് മമത നടപ്പാക്കുന്നതെന്ന് മോദി നേരത്തെ ആരോപിച്ചിരുന്നു. എല്ലാ ഖനികളും നിയന്ത്രിക്കുന്നത് മമതയുടെ മാഫിയകളാണ്. തൃണമൂല്‍ നേതാക്കള്‍ ഇങ്ങനെയാണ് പണം സമ്പാദിക്കുന്നത്. ഇവര്‍ക്ക് കീഴില്‍ ഒട്ടേറെ പേര്‍ ജോലി ചെയ്യുന്നു. ആര്‍ക്കും മതിയായ ആനൂകൂല്യങ്ങളും കൂലിയും നല്‍കുന്നില്ല. മാഫിയ രാജ് ആണ് മമതയുടെ തൃണമൂല്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. തൃണമൂല്‍ സര്‍ക്കാര്‍ മാഫിയയെ അവരുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിയിരിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു. കല്‍ക്കരി മന്ത്രാലയവും കല്‍ക്കരി ഖനികളും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണെന്നും ബിജെപിയുമായി ബന്ധപ്പെട്ടവരാണ് ഖനികളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മമത തിരിച്ചടിച്ചു.

Tags:    

Similar News