മാമുക്കോയയെ ഒരുനോക്കു കാണാന്‍ ആയിരങ്ങള്‍; ഖബറടക്കം രാവിലെ 10ന്

Update: 2023-04-27 03:35 GMT

കോഴിക്കോട്: ഇന്നലെ മരണപ്പെട്ട ചിരിയുടെ സുല്‍ത്താന്‍ നടന്‍ മാമുക്കോയയെ ഒരുനോക്കു കാണാന്‍ കോഴിക്കോട്ടെത്തിയത് പതിനായിരങ്ങള്‍. നാടിന്റെ നാനാദിക്കുകളില്‍ നിന്നും ആബാലവൃദ്ധം ജനങ്ങളാണ് ടൗണ്‍ഹാളിലെത്തിയത്. ബുധനാഴ്ച വൈകിട്ട് നാലോടെ ആരംഭിച്ച പൊതുദര്‍ശനം രാത്രി 10 വരെ നീണ്ടു. തുടര്‍ന്ന് മയ്യിത്ത് വീട്ടിലേക്കെത്തിച്ചു. വീട്ടിലേക്കും രാത്രി വൈകിയും നിരവധി പേരാണെത്തിയത്. ചലച്ചിത്ര-നാടക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും മാമുക്കോയയെ കാണാനെത്തി. നാലു പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിച്ച ഗഫൂര്‍ കാ ദോസ്തിന്റെ ചേതനയറ്റ ശരീരം കണ്ട് പലരും ദുഖം കടിച്ചമര്‍ത്താനാവാതെ പൊട്ടിക്കരഞ്ഞു. ഇന്ന് രാവിലെ 10ന് കണ്ണമ്പറ് ശ്മശാനത്തിലാണ് കബറടക്കം.

    മലപ്പുറം വണ്ടൂരില്‍ പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സിച്ചെങ്കിലും ബുധനാഴ്ച ഉച്ചയ്ക്ക് 1.05ഓടെയാണ് മരണപ്പെട്ടത്. നാടകത്തിലൂടെ അരങ്ങത്തെത്തി വെള്ളിത്തിരയെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയയുടെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടം തന്നെയാണ്. മാത്രമല്ല, കോഴിക്കോട്ടും പരിസരത്തുമുള്ള സാംസ്‌കാരിക പരിപാടികളിലെല്ലാം സ്വതസിദ്ധമായ ശൈലിയില്‍ സ്ഥിരം സാന്നിധ്യമായിരുന്ന മാമുക്കോയയുടെ വിയോഗം നാട്ടുകാര്‍ക്കും വിശ്വസിക്കാനാവുന്നില്ല.

    ഏത് തിരക്കിലും അരക്കിണറിലേയും കോഴിക്കോട് നഗരത്തിലും താരജാഡയില്ലാതെ നടന്ന മാമുക്കോയയെയാണ് നാട്ടുകാരും ഓര്‍മിക്കുന്നത്. അദ്ദേഹത്തിന് സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന മാമുക്കോയ മിക്കപ്പോഴും നിലപാടുകളുടെ പേരിലും പ്രശംസിക്കപ്പെട്ടു. മാമുക്കോയ വിടപറയുമ്പോള്‍ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയില്‍ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്. ആ കഥാപാത്രങ്ങള്‍ തഗ്ഗ് ലൈഫായും ട്രോളായും സ്വാഭാവികാഭിനയത്തിന്റെ പാഠപുസ്തകമായും മലയാളികള്‍ക്കിടയില്‍ത്തന്നെ കാണുമെന്ന് ഉറപ്പാണ്.

Tags:    

Similar News