യുപി: ഭാര്യയെ ബലാല്‍സംഗത്തിനിരയാക്കി; പരാതി നല്‍കിയ ഭര്‍ത്താവിനു പോലിസിന്റെ ക്രൂരപീഡനം
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വ്യാജ പരാതി നല്‍കി കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം. സത്യസന്ധമായി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും മര്‍ദനം തുടര്‍ന്ന പോലിസ് യുവാവിന്റെ രണ്ടു വിരലുകള്‍ ഒടിക്കുകയും ചെയ്തു
ലഖ്‌നോ: ഭാര്യയെ ഒരു സംഘം തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്നു പരാതി നല്‍കിയ ഭര്‍ത്താവിനെ പോലിസുകാര്‍ ക്രൂര മര്‍ദനത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ മയിന്‍പുരിയിലാണ് സംഭവം.കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവെയാണ് യുവാവും ഭാര്യയും ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ ഒരു സംഘം അക്രമികള്‍ ഭര്‍ത്താവിന്റെ മുഖത്ത് സ്‌പ്രേ അടിക്കുകയും ഭാര്യയെ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ ഭാര്യയെ കിലോമീറ്ററുകള്‍ക്കപ്പുറത്ത് ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയും ചെയ്തു. ഇതിനിടെ ബോധം തെളിഞ്ഞ യുവാവ് പോലിസ് ഹെല്‍പ് ലൈനില്‍ ബന്ധപ്പെട്ടു. എന്നാല്‍ സ്ഥലത്തെത്തിയ പോലിസ് യുവാവിനെതിരേ ആക്രമണമഴിച്ചുവിടുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വ്യാജ പരാതി നല്‍കി കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം. സത്യസന്ധമായി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും മര്‍ദനം തുടര്‍ന്ന പോലിസ് യുവാവിന്റെ രണ്ടു വിരലുകള്‍ ഒടിക്കുകയും ചെയ്തു.
പിന്നീട് യുവതി നേരിട്ടെത്തി സംഭവങ്ങള്‍ വിശദീകരിച്ചതോടെയാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്. യുവാവിന്റെത് വ്യാജ പരാതി ആണെന്നു കരുതിയാണ് കേസെടുക്കാതിരുന്നതെന്നും യുവതി നേരിട്ടെത്തി സംഭവം വിശദീകരിച്ചതോടെയാണ് കേസെടുത്തതെന്നും പോലിസ് പിന്നീട് വിശദീകരിച്ചു. സംഭവത്തില്‍ മൂന്നു പോലിസുകാരെ സസ്‌പെന്റ് ചെയ്തതായി എസ്പി അജയ്ശങ്കര്‍ റായ് അറിയിച്ചു.