തമ്പാനൂരില്‍ കാറുകള്‍ അടിച്ചുതകര്‍ത്തത് ഒരാള്‍: ലക്ഷ്യം മോഷണമെന്നും ആര്‍പിഎഫ്

തകര്‍ത്ത കാറുകളില്‍ നിന്ന് നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെന്‍ഡ്രൈവ് തുടങ്ങിയവ നഷ്ടമായി. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട റയില്‍വേ ജീവനക്കാരുടേതടക്കമുള്ള വാഹനങ്ങളാണ് ആക്രമിച്ചത്.

Update: 2021-10-10 06:41 GMT

തിരുവനന്തപുരം: ഒരാള്‍ തനിച്ചാണ് തമ്പാനൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തതെന്ന് ര്‍പിഎഫ്. സംഘമായല്ല ഒരാള്‍ മാത്രമാണ് അക്രമിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായും ആര്‍പിഎഫ് വ്യക്തമാക്കി.

തകര്‍ത്ത കാറുകളില്‍ നിന്ന് നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെന്‍ഡ്രൈവ് തുടങ്ങിയവ നഷ്ടമായി. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട റയില്‍വേ ജീവനക്കാരുടേതടക്കമുള്ള വാഹനങ്ങളാണ് ആക്രമിച്ചത്. 19 വാഹനങ്ങളുടെ ഗ്ലാസാണ് തകര്‍ത്തത്. ഇന്ന് രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷാച്ചുമതല റെയില്‍വേയ്ക്കാണ്. അര്‍ധരാത്രിയില്‍ ഇത്രയും വാഹനങ്ങള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയത് ആരും അറിഞ്ഞില്ലെന്നത് റെയില്‍വേ പോലിസിനെ ഞെട്ടിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന് മുന്നിലായുള്ള പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. മിക്ക കാറുകളുടേയും വിന്‍ഡോ ഗ്ലാസുകളാണ് തകര്‍ത്തിരിക്കുന്നത്. കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കര്‍ ഉള്‍പ്പെടെ ഊരിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.

പാര്‍ക്കിങ് ഏരിയയില്‍ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാല്‍ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പരിസരത്ത് നിന്ന് അല്‍പനേരം മാറിനിന്നിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്. കാറുടമകള്‍ പരാതിയുമായി രംഗത്തുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News