ചട്ടം മാറ്റി മംഗലാപുരം സര്‍വ്വകലാശാല; ശിരോവസ്ത്രത്തിന് സമ്പൂര്‍ണ നിരോധനം, പ്രതിഷേധം
സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ആറ് കോളജുകള്‍ക്കും ഈ നിയമം ബാധകമാക്കിയിട്ടുണ്ട്. നേരത്തെ, കോളജുകളിലൊന്നായ യൂണിവേഴ്‌സിറ്റി കോളജിലെ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് യൂണിഫോം ഷാള്‍ കൊണ്ട് തല മറയ്ക്കാന്‍ അനുവാദമുണ്ടായിരുന്നു.
മംഗളൂരു: നിലവിലുള്ള യൂണിഫോം ചട്ടം ഭേദഗതി ചെയ്ത് ക്ലാസ് മുറികളില്‍ ഉള്‍പ്പെടെ കാംപസില്‍ മുഴുവനും ശിരോവസ്ത്രത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി മംഗളൂരു സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്. അധികൃതരുടെ ശിരോവസ്ത്ര വിലക്ക് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കടുത്ത എതിര്‍പ്പിനും വിമര്‍ശനത്തിനും ഇടയാക്കിയിരിക്കുകയാണ്.
സിന്‍ഡിക്കേറ്റാണ് സര്‍വകലാശാലയുടെ ഭരണസമിതി. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ആറ് കോളജുകള്‍ക്കും ഈ നിയമം ബാധകമാക്കിയിട്ടുണ്ട്. നേരത്തെ, കോളജുകളിലൊന്നായ യൂണിവേഴ്‌സിറ്റി കോളജിലെ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് യൂണിഫോം ഷാള്‍ കൊണ്ട് തല മറയ്ക്കാന്‍ അനുവാദമുണ്ടായിരുന്നു. സിന്‍ഡിക്കേറ്റിന്റെ തീരുമാനം അനുസരിക്കാന്‍ മുസ്ലീം പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പല്‍ അനസൂയ റായി പറഞ്ഞു.
എന്നാല്‍, നിലവിലെ സ്ഥിതിയെ തടസ്സപ്പെടുത്തുന്നതിനാല്‍ ഒരു അധ്യയന വര്‍ഷത്തിന്റെ മധ്യത്തില്‍ നിയമം നടപ്പാക്കാന്‍ കഴിയില്ലെന്നാണ് മുസ്‌ലിം പെണ്‍കുട്ടികളുടെ വാദം. അതേസമയം, മുസ്‌ലിം പെണ്‍കുട്ടികള്‍ പുതിയ നിയമം പാലിക്കുന്നില്ലെന്നാരോപിച്ച് ആര്‍എസ്എസ്സിന്റെ വിദ്യാര്‍ഥി വിഭാഗമായ എബിവിപിയുടെ പിന്തുണയുള്ള യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി യൂനിയന്‍ കാംപമ്പസില്‍ ഹിജാബ് സമ്പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തി. നിയമം നടപ്പാക്കുന്നതിന് മുമ്പ് എംയു സിന്‍ഡിക്കേറ്റ് ബോഡി ഒരു അവലോകന സമിതി രൂപീകരിക്കേണ്ടതായിരുന്നുവെന്ന് മുതിര്‍ന്ന പ്രഫസര്‍മാര്‍ പറഞ്ഞു.